ഓട്ടവ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹം. ഇന്ത്യയിലും പാകിസ്ഥാനിലും നിലനിൽക്കുന്ന സംഘർഷങ്ങൾ കാരണം തങ്ങളുടെ അംഗങ്ങളും അപകട സാധ്യത നേരിടേണ്ടിവരുമെന്ന് ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ മുന്നറിയിപ്പ് നൽകി. കൂടാതെ സുരക്ഷ ഉറപ്പാക്കുന്നതിനും കമ്മ്യൂണിറ്റി പിന്തുണ ശക്തിപ്പെടുത്താനും ഗ്രൂപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
അതേസമയം കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹം ശാന്തത പാലിക്കണമെന്ന് പാക്- കനേഡിയൻ പൗരൻ അഭ്യർത്ഥിച്ചു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹത്തെ ബാധിച്ചേക്കാമെന്നും, ഇത് പ്രവാസികൾക്കിടയിൽ സ്പർദ്ധ വർധിക്കാൻ കാരണമായേക്കാമെന്ന് ആശങ്കയുള്ളതായി റെജൈനയിൽ താമസിക്കുന്ന മുഹമ്മദ് കാഷിഫ് നസീർ പറയുന്നു. ഏഷ്യയിലെ പിരിമുറുക്കങ്ങൾ കനേഡിയൻ സമൂഹത്തിൽ നെഗറ്റീവ് രീതിയിൽ ഉയർന്നുവരുന്നില്ലെന്ന് ഉറപ്പാക്കാൻ കാനഡയിലെ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി ലീഡേഴ്‌സ് ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

എന്നാൽ കാനഡയുടെ വൈവിധ്യത്തിൽ ഇൻഡോ- കനേഡിയൻ ഹിന്ദുക്കൾ വിലപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്നും, സമ്പദ്‌വ്യവസ്ഥ, സംസ്കാരം, സാമൂഹിക ജീവിതം തുടങ്ങിയ മേഖലകളിൽ അവർ സംഭാവനകൾ നൽകുന്നുണ്ടെന്നും കാനഡ ഹൈക്കമ്മീഷൻ ഏപ്രിൽ 23 ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് കാനഡ അനുശോചനം രേഖപ്പെടുത്തിയതായും പ്രസ്താവനയിൽ പറയുന്നു.

ഏപ്രിൽ 22-ന് ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഇന്ത്യൻ ഹിന്ദു വിനോദസഞ്ചാരികളായിരുന്നു ഭൂരിഭാഗവും. ഇതേ തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാവുകയായിരുന്നു.