വാഷിംഗ്ടൺ : യുഎസിലെ ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലിഷ് പരിജ്ഞാനം നിർബന്ധമാക്കുന്ന ട്രംപിൻ്റെ ഉത്തരവിൽ ഗതാഗത ഷോൺ ഡഫി ഒപ്പു വെച്ചു. ഗതാഗത ചിഹ്നങ്ങൾ വായിക്കാനും, ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും, അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കാനും കഴിയുമെന്ന് ഉറപ്പാക്കാൻ യുഎസിലെ വാണിജ്യ ട്രക്ക് ഡ്രൈവർമാർ ഇംഗ്ലീഷിൽ പ്രാവീണ്യം നേടണമെന്ന് ആവശ്യപ്പെടുന്നതാണ് എക്സിക്യൂട്ടീവ് ഉത്തരവ്. അതേസമയം ഈ നീക്കം കാനഡയിലെ ട്രക്ക് ഡ്രൈവർമാർക്കടക്കം തിരിച്ചടിയാകും.

ഇതുസംബന്ധിച്ച ഉത്തരവിൽ ഏപ്രിൽ 28-ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടിരുന്നു. നിയമം പാലിക്കാത്ത ഡ്രൈവർമാരെ സർവീസിൽ നിന്ന് പുറത്താക്കുമെന്നും ഉത്തരവിൽ പറയുന്നു. മാർച്ചിൽ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഇംഗ്ലീഷ് രാജ്യത്തെ ഔദ്യോഗിക ഭാഷയായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതേസമയം അമേരിക്കൻ ട്രക്കിങ് വ്യവസായത്തിൽ പ്രധാനികളായ സിഖ് കമ്മ്യൂണിറ്റി ഈ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഏകദേശം 150,000 സിഖുകാർ അമേരിക്കൻ ട്രക്കിങ് വ്യവസായത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 90% പേരും ഡ്രൈവർമാരാണ്.
