Monday, August 18, 2025

സ്‌ട്രോങ് ബോർഡേഴ്സ് ആക്ട് മയക്കുമരുന്നിനെതിരായ പോരാട്ടം ശക്തമാക്കും: കെവിൻ ബ്രോസോ

ഓട്ടവ : ലിബറൽ സർക്കാർ അവതരിപ്പിച്ച സ്‌ട്രോങ് ബോർഡേഴ്സ് ആക്ട് മാരകമായ ഒപിയോയിഡിനെതിരായ പോരാട്ടത്തെ സഹായിക്കുമെന്ന് ഫെന്‍റനൈൽ സാർ (Fentanyl Czar) കെവിൻ ബ്രോസോ. ഫെൻ്റനൈൽ അടക്കമുള്ള മയക്കുമരുന്നുകൾ അമേരിക്കയിലേക്ക് എത്തുന്നതിന്‍റെ പ്രധാന ഉറവിടം കാനഡയല്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ചെറിയ അളവിൽ പോലും വിനാശകരമായ ഫലങ്ങൾ ഉണ്ടാകുമെന്നതിനാൽ മയക്കുമരുന്ന് കള്ളക്കടത്ത് ഇല്ലാതാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും കെവിൻ ബ്രോസോ വ്യക്തമാക്കി. കാനഡയിൽ ഒരു ദിവസം ശരാശരി 21 പേർ മയക്കുമരുന്ന് ഉപയോഗം മൂലം മരിക്കുന്നു. ഇതാണ് തന്നെ മയക്കുമരുന്നിനെതിരെ എന്തെങ്കിലും ചെയ്യാനും പ്രരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തി സുരക്ഷ ഉറപ്പാക്കാനും അനധികൃത കുടിയേറ്റക്കാരുടെയും ഫെന്‍റനൈലിന്‍റെയും ഒഴുക്ക് തടയാനും കാനഡ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഫെന്‍റനൈല്‍ സാര്‍ എന്ന പദവി രൂപീകരിച്ചത്.

സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും ഫെൻ്റനൈലിൻ്റെയും മറ്റ് മയക്കുമരുന്നുകളുടെയും കടത്ത് തടയാനും അനധികൃത കുടിയേറ്റങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് കാനഡ സ്‌ട്രോങ് ബോർഡേഴ്സ് ആക്ട് അവതരിപ്പിച്ചത്. പ്രധാനമന്ത്രി മാർക്ക് കാർണി ചൂണ്ടിക്കാണിച്ച നിരവധി അതിർത്തി സുരക്ഷാ മുൻഗണനകൾക്കൊപ്പം, യുഎസ് നിയമനിർമ്മാതാക്കൾ, നയതന്ത്രജ്ഞർ, കനേഡിയൻ പൊലീസ് ഉൾപ്പെടെയുള്ളവർ ദീർഘകാലമായി ഉന്നയിക്കുന്ന ചില പരാതികൾ കൂടി പരിഹരിക്കുന്നതാണ് നിർദ്ദിഷ്ട ബിൽ. കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ച 130 കോടി ഡോളറിൻ്റെ അതിർത്തി സുരക്ഷാ പാക്കേജിനെ അടിസ്ഥാനമാക്കിയാണ് സ്ട്രോങ് ബോർഡേഴ്‌സ് ആക്ട് എന്ന് വിളിക്കപ്പെടുന്ന പുതിയ ബില്ലിന് രൂപം നൽകിയിരിക്കുന്നത്.

പരിശോധനാ അധികാരം വർധിപ്പിക്കുക, പൊലീസിന് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക, കള്ളപ്പണം വെളുപ്പിക്കൽ തടയുക, മയക്കുമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വരവ് നിയന്ത്രിക്കുക തുടങ്ങിയവയാണ് സ്‌ട്രോങ് ബോർഡേഴ്സ് ആക്ടിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ നിയമപ്രകാരം ക്രിമിനൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് പൊലീസിനെ തടയുന്ന തടസ്സങ്ങൾ ബിൽ നീക്കം ചെയ്യും. ഒപ്പം സംശയം തോന്നുന്ന മെയിൽ തുറക്കുന്നതിന് കാനഡ പോസ്റ്റിന് കൂടുതൽ അധികാരം നൽകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!