ഇറാന് ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെ അറബ് രാഷ്ട്ര തലവന്മാരുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായും ട്രംപ് ചര്‍ച്ച നടത്തി. ഇസ്രയേലിന് പിന്തുണ നല്‍കുമെന്ന് ട്രംപ് പറഞ്ഞു.
ഇറാനിലെ ആക്രമണത്തിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ നടപടിയെ പ്രശംസിച്ചു. യുഎസ് ടിവി ചാനലുകള്‍ക്കു നല്കിയ അഭിമുഖങ്ങളിലാണ് ഇസ്രയേല്‍ നടത്തിയ ആക്രമണം ഗംഭീരമായെന്ന് ട്രംപ് പ്രതികരിച്ചത്. ഇറാനിലെ ആക്രമണം അവസാനിച്ചിട്ടില്ല, ഇനിയും വരുന്നുണ്ടെന്ന് എബിസി ചാനല്‍ അഭിമുഖത്തില്‍ പ്രസിഡന്റ് പറഞ്ഞു. താന്‍ കൈകാര്യം ചെയ്യാന്‍ പ്രയാസപ്പെട്ട യാഥാസ്ഥിതികരായ ആളുകള്‍ പലരും ഇപ്പോള്‍ ജീവനോടെയില്ലെന്ന് സിഎന്‍എന്‍ അഭിമുഖത്തിലും പറഞ്ഞു.
സമയം കഴിഞ്ഞിട്ടില്ല, കരാറിനായി ഇനിയൊരു അവസരം കൂടിയുണ്ടെന്നും ഇറാന് അതു പ്രയോജനപ്പെടുത്തണമെന്നും സൂചിപ്പിച്ചു.

അതേസമയം, ഇസ്രയേലിനെതിരെ ഇറാന് പ്രത്യാക്രമണം നടത്തി. ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന് നടത്തിയ ആക്രമണത്തില്‍ നാല്പതിലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ ഇറാന്റെ മതനേതൃത്വം കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്കി.