മൺട്രിയോൾ : മുൻ ഫെഡറൽ കാബിനറ്റ് മന്ത്രി പാബ്ലോ റോഡ്രിഗസ് കെബെക്ക് ലിബറൽ പാർട്ടിയുടെ പുതിയ ലീഡർ. 2026 ഒക്ടോബറിൽ നടക്കാനിരിക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ റോഡ്രിഗസ് പാർട്ടിയെ നയിക്കും. രണ്ട് ഘട്ടങ്ങളിലായി നടന്ന കടുത്ത മത്സരത്തിനൊടുവിലാണ് റോഡ്രിഗസ് തിരഞ്ഞെടുക്കപ്പെട്ടത്. ലിബറലുകളായി ഒരുമിച്ച് നിൽക്കാനും പാർട്ടിയുടെ പുതിയ അധ്യായം രചിക്കാനുമുള്ള സമയമാണിതെന്ന് പ്രവിശ്യാ തലസ്ഥാനത്ത് നടന്ന നേതൃത്വ കൺവെൻഷനിൽ അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.

കെബെക്ക് ചേംബർ ഓഫ് കൊമേഴ്സ് ഫെഡറേഷൻ മുൻ തലവൻ ചാൾസ് മില്ല്യാർഡിനെ 52 ശതമാനത്തിലധികം വോട്ടുകൾ നേടി റോഡ്രിഗസ് പരാജയപ്പെടുത്തി. കാൾ ബ്ലാക്ക്ബേൺ, മാർക്ക് ബെലാഞ്ചർ, മാരിയോ റോയ് എന്നീ മറ്റ് മൂന്ന് സ്ഥാനാർത്ഥികളെ ആദ്യ റൗണ്ടിൽ തന്നെ ഒഴിവാക്കിയിരുന്നു.

മൺട്രിയോളിന് പുറത്തുള്ള ഫ്രഞ്ച് സംസാരിക്കുന്ന വോട്ടർമാർക്കിടയിൽ ലിബറൽ പാർട്ടിക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി ജനപിന്തുണ കുറഞ്ഞുവരികയാണ്. അതിനാൽത്തന്നെ നിലവിൽ ദേശീയ അസംബ്ലിയിൽ അംഗമല്ലാത്ത റോഡ്രിഗസിന്, വരും മാസങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ സർക്കാരുണ്ടാക്കാനുള്ള സാധ്യതകൾ തെളിഞ്ഞു വരികയുള്ളൂ.