റെജൈന : സസ്കാച്വാനിൽ വിവിധയിടങ്ങളിൽ കനത്ത ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയുടെ (ECCC) മുന്നറിയിപ്പ്. മധ്യ, തെക്കൻ സസ്കാച്വാനിലെ മോസ് ജോ, സാസ്കറ്റൂൺ ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. ശക്തമായ കാറ്റും, കനത്ത മഴയും, ആലിപ്പഴ വർഷവും ഉൾപ്പെടുന്ന അപകടകരമായ ഇടിമിന്നലുകളാകും ഉണ്ടാവുകയെന്നും ഏജൻസി പ്രവചിക്കുന്നു.

ചില ഇടിമിന്നലുകൾ അതിശക്തമാകാൻ സാധ്യതയുണ്ടെന്നും ഇടിമുഴക്കം കേൾക്കുകയാണെങ്കിൽ വീടിനുള്ളിൽ അഭയം തേടണമെന്നും കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും, നാണയ വലിപ്പത്തിൽ ആലിപ്പഴം പെയ്യാനും സാധ്യതയുണ്ടെന്നും ECCC അറിയിച്ചു.

പ്രവിശ്യയിലുടനീളം ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ അതിശക്തമായ ഇടിമിന്നൽ മുന്നറിയിപ്പും പ്രാബല്യത്തിലുണ്ട്. തെക്കുപടിഞ്ഞാറൻ സസ്കാച്വാനിലെ പല ഭാഗങ്ങളിലും വെള്ളിയാഴ്ചയും സമാനമായ മുന്നറിയിപ്പുകൾ നിലവിലുണ്ടായിരുന്നു.