കൊച്ചി: കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ഖത്തര്‍ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പിന്നീട് സ്വന്തം നാടുകളിലേയ്ക്ക് കൊണ്ടുപോകും. ഇന്നലെയായിരുന്നു മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനായി നെയ്റോബി അധികൃതരുടെയും കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതരുടേയും അനുമതി ലഭിച്ചത്.
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി ഭേദമായ സാഹചര്യത്തില്‍ അവരും ഇന്ന് നാട്ടിലേക്ക് തിരിക്കും. ഖത്തറില്‍ നിന്ന് വിനോദസഞ്ചാരത്തിന് പോയ 28 അംഗ ഇന്ത്യന്‍ പ്രവാസി സംഘമായിരുന്നു കെനിയയില്‍ അപകടത്തില്‍പ്പെട്ടത്.

ജൂണ്‍ ആറിനാണ് കെനിയയില്‍ അവധി ആഘോഷിക്കുന്നതിനായി ഖത്തറില്‍ നിന്നുള്ള പ്രവാസി സംഘം യാത്ര തിരിച്ചത്. കേരളത്തിന് പുറമേ തമിഴ്നാട്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഖത്തറിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ പാക്കേജ് മുഖേനയായിരുന്നു ഇവരുടെ യാത്ര. ന്യാഹുരുവിലെ വെള്ളച്ചാട്ടം കാണുന്നതിനായി പോകുന്നതിനിടെ ജൂണ്‍ ഒന്‍പതിന് പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഘം അപകടത്തില്‍പ്പെട്ടത്.