തിരുവനന്തപുരം: ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 100 നോട്ടിക്ക് മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാന്‍ കഴിഞ്ഞില്ല. ഏറെ നേരം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തത്
പ്രതിരോധ മന്ത്രാലയത്തെ അനുമതി തേടിയ ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഇന്ധനം കുറവായതിനാല്‍ അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഇന്ധനം നിറയ്ക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വേണം. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം വിമാനം വിട്ടയക്കും.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ബ്രിട്ടീഷ് യുദ്ധക്കപ്പലും യുദ്ധ വിമാനവും കേരള തീരത്തെത്തിയത്. പരിശീലന പറക്കലിന് ശേഷം കടല്‍ പ്രക്ഷ്ഭുതമായതിനെ തുടര്‍ന്ന് ലാന്‍ഡിങ് ബുദ്ധിമുട്ടായി. ഇതോടെ ലാന്‍ഡിംഗ് സാധ്യത തേടി വിമാനത്തിന് പല തവണ ആകാശത്തുകൂടി വട്ടമിട്ട് പറക്കേണ്ടതായി വന്നു.
ഇതോടെ വിമാനത്തിന്റെ ഇന്ധനത്തിന്റെ അളവ് കുറയുകയും തൊട്ടടുത്തുള്ള വിമാനത്താവളമെന്ന നിലയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിനുള്ള അനുമതി തേടുകയുമായിരുന്നു. ലാന്‍ഡിങ്ങിനായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേര് നിര്‍ദേശിച്ചത് പ്രതിരോധ മന്ത്രാലയം തന്നെയാണ്. പരിശോധനകള്‍ പുരോഗമിക്കുകയാണ്.