ടൊറൻ്റോ : ഉയർന്ന ഭവന വിലയും തിരക്കും കാരണം ഇടത്തരം വരുമാനക്കാർ ടൊറൻ്റോ വിട്ടുപോകുന്നതായി റിപ്പോർട്ട്. അവശ്യ തൊഴിലാളികൾ നഗരം വിട്ടുപോകുന്നതോടെ ഇത് വലിയ പ്രശ്നമായി മാറിയേക്കാമെന്ന് നോൺ-പ്രോഫിറ്റ് സംഘടനയായ സിവിക് ആക്ഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, ഫസ്റ്റ് റെസ്പോണ്ടർമാർ, റീട്ടെയിൽ തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള ആളുകളിൽ മൂന്നിൽ രണ്ട് പേരും ജോലി മാറുന്നതിനെക്കുറിച്ചോ നഗരം വിടുന്നതിനെക്കുറിച്ചോ ചിന്തിക്കുന്നതായി സംഘടന കണ്ടെത്തി. ഉയർന്ന ഭവന വിലയും തിരക്കുമാണ് ടൊറൻ്റോ നഗരത്തെ ഒഴിവാക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു. ടൊറൻ്റോയിൽ, ശരാശരി ഒരു വീട് വാങ്ങാൻ പ്രതിവർഷം ഏകദേശം 235,000 ഡോളർ സമ്പാദിക്കേണ്ടതുണ്ട്. എന്നാൽ നഗരത്തിലെ സാധാരണ കുടുംബത്തിന്റെ പ്രതിവർഷം വരുമാനം ഏകദേശം 100,000 ഡോളറാണ്. ടൊറൻ്റോ വിട്ടുപോകുന്നവരിൽ ഭൂരിഭാഗവും 25 നും 31 നും ഇടയിൽ പ്രായമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. സഹകരണമാണ് പ്രശ്നത്തിനുള്ള പരിഹാരമെന്ന് സിവിക് ആക്ഷൻ സിഇഒ ലെസ്ലി വൂ പറഞ്ഞു.