ഹാലിഫാക്സ് : നോവസ്കോഷയിലെ പിക്റ്റൗ കൗണ്ടിയിൽ നിന്നും കാണാതായ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പ്രവിശ്യ സർക്കാർ. ഒരു മാസത്തിലേറെയായി കാണാതായ സഹോദരങ്ങളായ ജാക്ക്, ലില്ലി എന്നീ കുട്ടികളെക്കുറിച്ചുളള വിവരങ്ങൾ നൽകുന്നവർക്ക് 150,000 ഡോളർ നൽകുമെന്ന് പ്രവിശ്യ സർക്കാർ പറയുന്നു.
പിക്റ്റൗ കൗണ്ടിയിലെ ലാൻസ്ഡൗൺ സ്റ്റേഷനിലെ ഗെയ്ർലോച്ച് റോഡിലുള്ള വീട്ടിൽ നിന്നും മെയ് രണ്ടിനാണ് ആറ് വയസ്സുകാരി ലില്ലി സള്ളിവനെയും നാല് വയസ്സുള്ള ജാക്ക് സള്ളിവനെയും കാണാതായതായി റിപ്പോർട്ട് ചെയ്തത്. വീടിനടുത്തുള്ള റോഡിന് ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രത്യേക മേഖലകളിലും തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല.

കുട്ടികളെ കണ്ടെത്താൻ പൊലീസും അന്വേഷകരും അക്ഷീണം പരിശ്രമിക്കുന്നുണ്ടെന്നും, എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ആർസിഎംപിയുമായി ബന്ധപ്പെടണമെന്നും നോവസ്കോഷ അറ്റോർണി ജനറലും നീതിന്യായ മന്ത്രിയുമായ ബെക്കി ഡ്രൂഹാൻ അഭ്യർത്ഥിച്ചു. അതേസമയം നൽകിയിരിക്കുന്ന വിവരങ്ങൾ എത്രത്തോളം സഹായകരമാണ് എന്നതിനെ ആശ്രയിച്ചാണ് പാരിതോഷികം നൽകുക, അവർ വ്യക്തമാക്കി.