എഡ്മിന്റൻ : ആൽബർട്ടയ്ക്ക് സ്വന്തമായി പെൻഷൻ പ്ലാൻ വേണോ’ എന്ന് നിർണ്ണയിക്കാൻ നടത്തിയ സർവേ ഫലങ്ങൾ പുറത്തുവിട്ട് പ്രവിശ്യാ സർക്കാർ. സർവേയിൽ പങ്കെടുത്തവരിൽ 63% പേരും ആൽബർട്ട പെൻഷൻ പ്ലാനിന് (APP) എതിരാണെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. 10% പേർ പ്രൊവിൻഷ്യൽ പെൻഷൻ പ്ലാൻ പിന്തുണച്ചപ്പോൾ 12% പേർ കൃത്യമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. അതേസമയം, 15% പ്രതികരണങ്ങൾ അപൂർണ്ണമായിരുന്നുവെന്നും ഫലങ്ങൾ വെളിപ്പെടുത്തുന്നു.

2022-ൽ പ്രീമിയറായതിന് ശേഷം പ്രൊവിൻഷ്യൽ പെൻഷൻ പ്ലാൻ എന്ന ആശയം ഡാനിയേൽ സ്മിത്ത് മുന്നോട്ട് വെച്ചിരുന്നു. കാനഡ പെൻഷൻ പ്ലാൻ ആൽബർട്ട നിവാസികളോട് നീതി പുലർത്തുന്നില്ലെന്നും, പിന്തുണ കുറവാണെങ്കിലും, പ്രവിശ്യയുടെ സ്വതന്ത്രമായ പെൻഷൻ പ്ലാൻ എന്ന ആശയം ഉപേക്ഷിക്കില്ലെന്നും അവർ പ്രസ്താവനയിൽ അറിയിച്ചു. ആൽബർട്ട നെക്സ്റ്റ് പാനലിലൂടെ ഈ വിഷയത്തിൽ തങ്ങൾ ആൽബർട്ട നിവാസികളുമായി തുടർന്നും സംവദിക്കുമെന്ന് ട്രഷറി ബോർഡ് ആൻഡ് ഫിനാൻസ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആൽബർട്ട പെൻഷൻ പ്രൊട്ടക്ഷൻ ആക്റ്റ് അനുസരിച്ച്, പ്രവിശ്യാ നിവാസികൾ റഫറണ്ടത്തിലൂടെ അംഗീകരിക്കാതെ കാനഡ പെൻഷൻ പ്ലാനിന് പകരം ആൽബർട്ട പെൻഷൻ പ്ലാൻ കൊണ്ടുവരില്ലെന്നും മന്ത്രാലയം ഉറപ്പ് നൽകി.