മൺട്രിയോൾ: റാക്കൂൺ റാബിസ് കണ്ടെത്തിയ പ്രദേശങ്ങൾക്ക് സമീപമുള്ള ഏകദേശം നൂറോളം മുനിസിപ്പാലിറ്റികളിൽ വളർത്തു മൃഗങ്ങളെ കൊണ്ടുപോകുന്നത് താൽക്കാലികമായി നിരോധിച്ച് കെബെക്ക് സർക്കാർ. മൺട്രിയോളിലെ മോണ്ടെറെജി, എസ്ട്രി മേഖലകളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലയിലെ പരുക്കേറ്റതോ, അനാഥമായതോ, ആക്രമണകാരിയോ ആയ മൃഗങ്ങളെ പരിചരിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. റാബിസ് മറ്റ് പ്രദേശങ്ങളിലേക്ക് പടരുന്നത് ഇതിലൂടെ ഒഴിവാക്കാമെന്നും അധികൃതർ പറയുന്നു.

ഓഗസ്റ്റ് 17 വരെ നീണ്ടുനിൽക്കുന്ന നിരോധനം റാക്കൂണുകൾ, സ്കങ്കുകൾ, കുറുക്കന്മാർ, കയോടികൾ, കയോടി സങ്കരയിനങ്ങൾ എന്നിവയെ പരിചരിക്കുന്നതിനും ബാധകമാണ്. 2024 ഡിസംബർ മുതൽ ജൂൺ 12 വരെ പ്രവിശ്യയിൽ മുപ്പത്തിരണ്ട് റാക്കൂൺ റാബിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചത്തതോ, പരുക്കേറ്റതോ, ആക്രമണകാരികളായതോ ആയ റാക്കൂണുകൾ, സ്കങ്കുകൾ അല്ലെങ്കിൽ കുറുക്കന്മാർ എന്നിവയെ ശ്രദ്ധയിൽപ്പെട്ടാൽ എസ്ട്രി, മോണ്ടെറെജി മേഖലകളിലെ ആളുകൾ റിപ്പോർട്ട് ചെയ്യണമെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.