ബ്രാംപ്ടൺ : പീൽ മേഖലയിലെ ഷോപ്പിങ് മാളുകളിൽ നടന്ന ജൂൽറി കവർച്ചകളുമായി ബന്ധപ്പെട്ട് മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ്. ജനുവരി 19-നും ഫെബ്രുവരി 4-നും ഇടയിൽ മിസ്സിസാഗയിലെയും ബ്രാംപ്ടണിലെയും മൂന്ന് ജൂൽറികളിലാണ് മോഷണം നടന്നത്.

ജൂൽറിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് മോഷണം. പ്രതികൾ ജൂൽറിക്കുള്ളിൽ കടന്ന് ചുറ്റികകളും മറ്റു ആയുധങ്ങളും ഉപയോഗിച്ച് ഗ്ലാസ് ഡിസ്പ്ലേ കേസുകൾ തകർത്താണ് ആഭരണങ്ങൾ മോഷ്ടിച്ചതെന്ന് പീൽ പൊലീസ് പറയുന്നു. തുടർന്ന് പ്രതികൾ മോഷ്ടിച്ച വാഹനത്തിൽ മാളിൽ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

തുടർന്ന് നടന്ന അന്വേഷണത്തിൽ നോവസ്കോഷ സ്വദേശിയായ യുവാവ് ഉൾപ്പെടെ മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച വാഹനവും കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ടു പ്രതികൾ ടൊറൻ്റോയിൽ നിന്നും കിച്ചനറിൽ നിന്നുമുള്ള കൗമാരക്കാരാണ്. യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം പ്രതികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.