ബെംഗളൂരു: കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ മാലിന്യ ലോറിയില്‍ യുവതിയുടെ മൃതദേഹം ചാക്കിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 30-35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് ഇത്. കാലുകള്‍ കഴുത്തുമായി കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മാലിന്യം ശേഖരിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തി പോലീസിനെ വിവരമറിയിച്ചത്. ചന്നമ്മനകെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഒരു ഓട്ടോറിക്ഷയില്‍ എത്തിയ ഒരാള്‍ പുലര്‍ച്ചെ 1 മണിക്കും 3 മണിക്കും ഇടയില്‍ ചാക്ക് മാലിന്യ ലോറിയിലേക്ക് തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായതായി പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. എല്ലാ ദിവസവും ഇതേ സ്ഥലത്ത് ട്രക്ക് നിര്‍ത്തിയിടാറുള്ളതിനാല്‍, പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.