യെല്ലോനൈഫ് : വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ അംഗീകരിച്ച് കനേഡിയൻ കൗൺസിൽ ഓഫ് എൻവയൺമെന്റ് മിനിസ്റ്റേഴ്‌സ്. കാട്ടുതീ കാരണം രാജ്യത്തുണ്ടാകുന്ന പുകയുടെ വ്യാപനവും അതുമൂലം ഉണ്ടാകാനിടയുള്ള ആരോഗ്യപരമായ പ്രശ്നങ്ങളും നേരിടാൻ ഇത് സഹായിക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. കനേഡിയൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ഓഫ് എൻവയൺമെന്റിന്റെ വാർഷിക യോഗത്തിലാണ് തീരുമാനം. കാട്ടുതീ വായു മലിനീകരണത്തിന് പ്രധാന കാരണമാണെന്നും കാനഡക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി.

പുതിയ മാനദണ്ഡമനുസരിച്ച്, 2030 ഓടെ ഫൈൻ പാർട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് ഒരു ക്യുബിക് മീറ്ററിൽ 23 മൈക്രോഗ്രാം ആയി കുറയ്ക്കും. ഇത് വായുഗുണനിലവാരം കുറയുന്നതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെയും സമൂഹത്തെയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് നോർത്ത് വെസ്റ്റ് ടെറിറ്ററീസ് പരിസ്ഥിതി മന്ത്രി ജെയ് മക്ഡോണൾ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം കാട്ടുതീ സാധ്യത വർധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.