ഹാലിഫാക്സ് : ഹ്യൂസ്റ്റൺ സർക്കാരിനെതിരെ വിമർശനവുമായി നോവസ്കോഷാ പ്രതിപക്ഷ നേതാവ് ക്ലോഡിയ ചെൻഡർ. സർക്കാരിന്റെ നിഷ്‌ക്രിയത്വം ജനങ്ങളുടെ ചെലവുകൾ വർധിക്കാൻ കാരണമാകുന്നു എന്ന് ചെൻഡർ ആരോപിച്ചു. ഹാലിഫാക്സിലെ ജീവിതച്ചെലവ് ടൊറന്റോയ്ക്ക് സമാനമാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ പ്രസ്താവന.
ഹാലിഫാക്സിലെ പകുതിയോളം വീടുകളും വരുമാനത്തിന്റെ 31% ഭവനത്തിനും ഗതാഗതത്തിനുമായി ചിലവഴിക്കുന്നതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. പത്ത് വർഷം മുൻപ് വരെ ഹാലിഫാക്സ് ടൊറന്റോയോളം ചിലവേറിയതാകുമെന്ന് ആരും വിശ്വസിക്കില്ലായിരുന്നെന്ന് ചെൻഡർ അഭിപ്രായപ്പെട്ടു. എന്നാൽ, മുഴുവൻ സമയവും ജോലി ചെയ്തിട്ടും പല നോവസ്കോഷാ നിവാസികൾക്കും വാടക, പലചരക്ക് സാധനങ്ങൾ, ഇന്ധനം എന്നിവയുടെ വിലവർധന താങ്ങാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു.

ഹാലിഫാക്സിലെ ആളുകളുടെ വരുമാനത്തിന്റെ 18 ശതമാനത്തിലധികം ഭവനത്തിനും 12% ഗതാഗതത്തിനും വേണ്ടിയാണ് ചിലവഴിക്കുന്നത്. ഇത് ടൊറന്റോയുടെ 30 ശതമാനത്തിനെ അപേക്ഷിച്ച് ഹാലിഫാക്സിലെ ചെലവ് 31% ആയി ഉയർത്തി. വാടകക്കാരെ സംരക്ഷിക്കുന്നതിലും ചെലവ് കുറഞ്ഞ ഭവനങ്ങൾ നിർമ്മിക്കുന്നതിലും മികച്ച ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം അധികാരം ശക്തിപ്പെടുത്തുന്നതിലാണ് ഹ്യൂസ്റ്റൺ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ചെൻഡർ ആരോപിച്ചു.