Wednesday, September 10, 2025

കനത്ത ചൂടും വായുമലിനീകരണവും: കാനഡയിലുടനീളം മുന്നറിയിപ്പ്

ഓട്ടവ : അറ്റ്ലാൻ്റിക് കാനഡയുടെ ചില ഭാഗങ്ങൾ, കെബെക്ക്, ഒൻ്റാരിയോ എന്നിവയുൾപ്പെടെ നിരവധി പ്രവിശ്യകളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. കാട്ടുതീ പുകയുടെ ഫലമായി രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പുറപ്പെടുവിച്ച നിരവധി വായു ഗുണനിലവാര മുന്നറിയിപ്പുകൾക്ക് പുറമേയാണിത്. തെക്കൻ ഒൻ്റാരിയോ, ഗ്രേറ്റർ മൺട്രിയോൾ, ചുറ്റുമുള്ള ചില പ്രദേശങ്ങൾ, മധ്യ, വടക്കുകിഴക്കൻ ന്യൂഫിൻലൻഡ്, നോവസ്കോഷയിലെ അന്നാപൊളിസ് വാലി എന്നിവിടങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടും.

ഒൻ്റാരിയോയിൽ, ഈ ആഴ്ചയിൽ ഭൂരിഭാഗവും ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പകൽ സമയത്തെ ഉയർന്ന താപനില 29 നും 32 നും ഇടയിലായിരിക്കും. ഗ്രേറ്റർ മൺട്രിയോൾ, ലാച്യൂട്ട്, ലനോഡിയർ, മോണ്ടെറെഗി, ഡ്രമ്മണ്ട്‌വിൽ എന്നിവയുൾപ്പെടെ കെബെക്ക് പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ പകൽ സമയത്തെ ഉയർന്ന താപനില 33 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അതേസമയം ഈർപ്പത്തിനൊപ്പം 40 ഡിഗ്രി സെൽഷ്യസിനോട് അടുക്കും.

ക്ലാരെൻവിൽ, ബോണവിസ്റ്റ പെനിൻസുല എന്നിവയുൾപ്പെടെ മധ്യ, വടക്കുകിഴക്കൻ ന്യൂഫിൻലൻഡ് നഗരങ്ങളിൽ താപനില 32 ഡിഗ്രി സെൽഷ്യസിലെത്തും. അതേസമയം നോർമൻ ബേ – ലോഡ്ജ് ബേയിൽ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ തുടരും, പകൽ സമയത്തെ ഉയർന്ന താപനില 27 നും 30 C നും ഇടയിലായിരിക്കും. നോവസ്കോഷയിൽ, ചൂടും ഈർപ്പവും വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു, പകൽ സമയത്തെ ഉയർന്ന താപനില 33 ഡിഗ്രി സെൽഷ്യസ് വരെയാകും.

കാട്ടുതീ പുകയുടെ ഫലമായി ആൽബർട്ടയുടെ കിഴക്കൻ ഭാഗങ്ങളിലും യൂകോൺ, സസ്കാച്വാൻ, മാനിറ്റോബ, കെബെക്ക്, ഒൻ്റാരിയോ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമായിട്ടുണ്ട്. കാട്ടുതീ പുകയുടെ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവരിൽ 65 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, നിലവിൽ രോഗങ്ങളോ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവരും ഉൾപ്പെടുന്നു. ഇവർ ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ കഠിനമായ പുറം ജോലികൾ ഒഴിവാക്കണമെന്നും ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!