വൻകൂവർ : കഴിഞ്ഞ വർഷം ബ്രിട്ടിഷ് കൊളംബിയ സറേയിൽ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ രണ്ടു ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് സറേ പ്രവിശ്യാ കോടതി. വിദ്യാർത്ഥി വീസയിൽ ഇന്ത്യയിൽ നിന്നും കാനഡയിലെത്തിയ ഗഗൻപ്രീത് സിങ് (22), ജഗ്ദീപ് സിങ് (22) എന്നിവരെയാണ് ശിക്ഷിച്ചത്. ശിക്ഷാകാലാവധി അവസാനിക്കുമ്പോൾ ഇരുവരെയും നാടുകടത്തും.

2024 ജനുവരി 27-ന് പുലർച്ചെ, യൂണിവേഴ്സിറ്റി ഡ്രൈവിൽ 104 അവന്യൂവിലെ ഇന്‍റർസെക്ഷനിലാണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ഫോർഡ് മസ്റ്റാങ്ങ് കാർ കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ജഗ്ദീപ് സിങിന്‍റെ ഉടമസ്ഥതയിലുള്ള മസ്റ്റാങ്ങ് കാർ ഗഗൻപ്രീത് സിങ് ആണ് ഓടിച്ചിരുന്നത്. കാൽനടയാത്രക്കാരൻ വാഹനത്തിന്‍റെ അടിയിൽ കുരുങ്ങി പോയതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് വാഹനത്തിനടിയിൽ കുടുങ്ങിയ ആളുമായി 1.3 കിലോമീറ്റർ ദൂരം കാർ നിർത്താതെ സഞ്ചരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് പ്രതികൾ ഇരുവരും പുറത്തിറങ്ങി കാൽനടയാത്രക്കാരന്‍റെ മൃതദേഹം കാറിനടിയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. ബുധനാഴ്ചയാണ് സറേ പ്രവിശ്യാ കോടതി ഇരുവർക്കും ശിക്ഷ വിധിച്ചത്.