വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനി, ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി വൈറ്റ് ഹൗസില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തി. മേഖലയിലെ സാമ്പത്തിക, സൈനിക സഹകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍ കൂടിക്കാഴ്ചയില്‍ കൈക്കൊണ്ടു.
ഖത്തര്‍ പ്രധാനമന്ത്രിക്കായി പ്രത്യേക വിരുന്നുമൊരുക്കിയ ട്രംപ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പശ്ചിമേഷ്യയില്‍ യുഎസിന്റെ ഏറ്റവും വലിയ സൈനികത്താവളമായ അല്‍ ഉദൈദ് എയര്‍ ബേസ് ഖത്തറിലാണെന്നത് ഈ കൂടിക്കാഴ്ചയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായുള്ള ചര്‍ച്ചകള്‍ സാമ്പത്തിക മേഖലയില്‍ പുതിയ പാത തുറന്നു. യുഎസ് വിമാനങ്ങളും ജെറ്റ് എന്‍ജിനുകളും വാങ്ങാന്‍ ബഹ്‌റൈനുമായി കരാറിലെത്തി. കൂടാതെ, നിര്‍മിതബുദ്ധി മേഖലയിലും അലുമിനിയം ഉല്‍പാദനത്തിലും യുഎസ് നിക്ഷേപത്തിന് ധാരണയായി. ബഹ്‌റൈന്‍ രാജാവ് ഈ വര്‍ഷാവസാനത്തോടെ യുഎസ് സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
യുഎസ് നാവികസേനയുടെ ഫിഫ്ത് ഫ്‌ളീറ്റിന്റെ ആസ്ഥാനം ബഹ്‌റൈനിലാണ്. മേയില്‍ സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ട്രംപ് സന്ദര്‍ശനം നടത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ തന്ത്രപരമായ സഖ്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും യുഎസ് നല്‍കുന്ന പ്രാധാന്യം ഈ തുടര്‍ച്ചയായ കൂടിക്കാഴ്ചകളിലൂടെ വ്യക്തമാണ്.