റിയാദ്: രണ്ട് പതിറ്റാണ്ടായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന സൗദി രാജകുടുംബാംഗം അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ അന്തരിച്ചു. ‘ഉറങ്ങുന്ന രാജകുമാരന്‍’ എന്ന പേരില്‍ ആഗോളതലത്തില്‍ അറിയപ്പെട്ടിരുന്ന അല്‍വലീദ് രാജകുമാരന്‍, 20 വര്‍ഷമായി റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു.
ശതകോടീശ്വരനായ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മകനാണ് അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍. 2005-ല്‍ ലണ്ടനില്‍ വെച്ചുണ്ടായ കാര്‍ അപകടത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ബ്രിട്ടനിലെ സൈനിക കോളേജിലെ പഠനത്തിനിടെയായിരുന്നു ഈ അപകടം. തുടര്‍ന്ന് കോമ അവസ്ഥയില്‍ തുടര്‍ന്ന അല്‍വലീദിന്റെ ജീവന്‍ റിയാദ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ സാങ്കേതിക സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്.

അല്‍വലീദ് രാജകുമാരന്റെ ഭൗതികദേഹം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ സംസ്‌കരിക്കും. സംസ്‌കാര പ്രാര്‍ത്ഥനകള്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ മൂന്ന് ദിവസം നീണ്ടുനില്‍ക്കും.
അല്‍വലീദ് രാജകുമാരന് ബോധം വീണ്ടെടുത്തുവെന്ന നിലയില്‍ ഇടയ്ക്കിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ബോധം തിരിച്ചുകിട്ടിയെന്നായിരുന്നു ഇതില്‍ ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളും മറ്റും വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.