ദോഹ: പ്രമുഖ വ്യവസായിയും നാലര പതിറ്റാണ്ടിലേറെ ഖത്തറിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന ഹൈസൺ ഹൈദർ ഹാജി ദോഹയിൽ നിര്യാതനായി. 90 വയസ്സായിരുന്നു.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് ഹൈദർ ഹാജി. ഖത്തർ എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ, ഫാമിലി ഫുഡ് സെന്റർ എന്നിവയുടെ സ്ഥാപകനാണ് അദ്ദേഹം. കൂടാതെ, കോഴിക്കോട്ടെ ഹൈസൺ ഹോട്ടൽ, ഹൈസൺ മോട്ടോഴ്സ് എന്നിവയുടെ സ്ഥാപകൻ കൂടിയാണ്.

ഖത്തർ ഇൻകാസിന്റെ പ്രഥമ ഉപദേശക സമിതി അംഗമായും, ഖത്തർ ഐ.സി.ബി.എഫ്. (Indian Community Benevolent Forum), ഐ.സി.സി. (Indian Cultural Centre) എന്നിവയുടെ അമരക്കാരിലൊരാളായും പ്രവർത്തിച്ചിട്ടുണ്ട്.
തൃശൂർ കുന്ദംകുളം തൊഴിയൂർ സ്വദേശിയാണ് ഹൈദർ ഹാജി. പരേതയായ ജമീലയാണ് ഭാര്യ. ഫൈസൽ, ജമാൽ, അൻവർ, ആഷിഖ്, നസീമ അഷ്റഫ് (ഖത്തർ) എന്നിവരാണ് മക്കൾ. മൃതദേഹം ഇന്ന് വൈകുന്നേരം ഖത്തറിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.