ഹാലിഫാക്സ്: വാരാന്ത്യത്തിൽ നടന്ന ഹാലിഫാക്സ് പ്രൈഡ് പരേഡിൽ നിന്ന് വിട്ടുനിന്ന് നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ. തുടർച്ചയായ രണ്ടാം തവണയാണ് അദ്ദേഹം അറ്റ്ലാന്റിക് കാനഡയിലെ ഏറ്റവും വലിയ LGBTQ+ ആഘോഷ പരിപാടിയിൽ നിന്ന് മാറി നിൽക്കുന്നത്.
വൈകി രജിസ്റ്റർ ചെയ്തതിനാലും പരേഡിനുള്ള ഫ്ലോട്ട് സ്പോട്ടുകൾ ഫില്ലായതിനാലും
പ്രോഗ്രസീവ് കൺസർവേറ്റീവ് നേതാക്കൾ പരേഡിൽ പങ്കെടുത്തില്ലെന്ന് ഹാലിഫാക്സ് പ്രൈഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫിയോണ കെർ പറഞ്ഞു. എന്നാൽ പരേഡിൽ പങ്കെടുക്കാൻ പ്രീമിയർ മറ്റു വഴികൾ കണ്ടെത്താത്തത് നിരാശാജനകമാണെന്നും ഫിയോണ കെർ പറഞ്ഞു.

ശനിയാഴ്ചത്തെ പരേഡിനായി പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി വെയിറ്റിങ് ലിസ്റ്റിലാണെന്ന് പ്രീമിയർ ടിം ഹ്യൂസ്റ്റണിന്റെ ഓഫീസ് വക്താവ് കാതറിൻ ക്ലിമെക് പറഞ്ഞിരുന്നു. നോവസ്കോഷ എൻഡിപിയും ലിബറൽ പാർട്ടിയും വാരാന്ത്യത്തിൽ പരേഡിൽ പങ്കെടുത്തു. ഇതോടെ പ്രോഗ്രസീവ് കൺസർവേറ്റീവ് മാത്രമാണ് പരേഡിൽ പങ്കെടുക്കാത്ത ഒരേയൊരു പ്രധാന രാഷ്ട്രീയ പാർട്ടി. അതേസമയം സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചും പ്രതിഷേധങ്ങൾ ഉണ്ടാകാമെന്നും ആർസിഎംപി മുന്നറിയിപ്പ് നൽകിയതിനാലാണ് കഴിഞ്ഞ വർഷത്തെ പ്രൈഡ് പരേഡിൽ നിന്ന് വിട്ടുനിന്നതെന്ന് ടിം ഹ്യൂസ്റ്റൺ പറഞ്ഞു. 2022-ലാണ് ടിം ഹ്യൂസ്റ്റൺ അവസാനമായി പരേഡിൽ പങ്കെടുത്തത്.