ബർമിങ്ഹാം : ഹെവി മെറ്റൽ ബാൻഡായ ബ്ലാക്ക് സബത്തിന്‍റെ പ്രധാന ഗായകനായിരുന്ന, ജോൺ മൈക്കൽ “ഓസി” ഓസ്ബോൺ അന്തരിച്ചു. 76 വയസ്സായിരുന്നു. “പ്രിൻസ് ഓഫ് ഡാർക്ക്നെസ്” എന്ന വിളിപ്പേരിൽ പ്രശസ്തനായിരുന്ന അദ്ദേഹം വർഷങ്ങളായി പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. എന്നാൽ, മരണകാരണം വെളിപ്പെടുത്തിയിട്ടില്ല.

1948 ഡിസംബർ 3-ന് വാർവിക്ഷയറിലെ മാർസ്റ്റൺ ഗ്രീനിലാണ് ജനനം. 1968-ൽ ബർമിങ്മിഹാമിൽ ബ്ലാക്ക് സബത്ത് രൂപീകരിച്ചു. 1970-കളിൽ ഹെവി മെറ്റൽ ബാൻഡായ ബ്ലാക്ക് സബത്തിന്‍റെ പ്രധാന ഗായകനായി അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. 2025 ജൂലൈ 5-ന് ബർമിംഗ്ഹാമിലെ വില്ല പാർക്കിൽ, ബ്ലാക്ക് സബത്തിനൊപ്പം “ബാക്ക് ടു ദി ബിഗിനിങ്” എന്ന പേരിൽ ഓസ്ബോൺ തന്‍റെ അവസാന ഷോ അവതരിപ്പിച്ചു. അവസാന ഷോയിൽ നിന്നുള്ള എല്ലാ ലാഭവും ക്യൂർ പാർക്കിൻസൺസ്, ബർമിങ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റൽ, അക്കോൺ ചിൽഡ്രൻസ് ഹോസ്പിസ് എന്നിവയുൾപ്പെടെയുള്ള ചാരിറ്റികൾക്കാണ് നൽകിയത്.