ടൊറന്റോ : പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രീമിയർമാരും തമ്മിലുള്ള ഇന്നത്തെ കൂടിക്കാഴ്ചയിൽ കാനഡ-യുഎസ് വ്യാപാരയുദ്ധം പ്രധാന ചർച്ചാ വിഷയമാകും. ഓഗസ്റ്റ് ഒന്നിനകം വ്യാപാരക്കരാർ വേണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തോട് പ്രധാനമന്ത്രി കാർണി എങ്ങനെ പ്രതികരിക്കുമെന്നാണ് കനേഡിയൻ പ്രീമിയർമാർ ഉറ്റുനോക്കുന്നത്. ജൂലൈ 10-ന് ട്രംപ് കാർണിക്ക് അയച്ച കത്തിൽ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ഓഗസ്റ്റ് ഒന്നിനകം 35 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വ്യാപാരക്കരാറിൽ ചില താരിഫുകൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും ചർച്ചകൾ ശക്തമാക്കുമെന്നും കാർണി കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നു.

കൂടാതെ, കാർണി പരിഗണിക്കുന്ന ദേശീയ വികസന പദ്ധതികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ കൂടിക്കാഴ്ചയിൽ അറിയാമെന്ന് പ്രീമിയർമാർ പ്രതീക്ഷിക്കുന്നു. ആൽബർട്ടയിലെ പൈപ്പ്‌ലൈൻ അടക്കമുള്ള പദ്ധതികളുടെ വികസനം വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഫസ്റ്റ് നേഷൻ തലവൻമാരുമായി കാർണി കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ അറിയാൻ സാധിക്കുമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും കരുതുന്നു.