ട്രംപിന്റെ വൈറലായ ഒരു എഐ വീഡിയോയ്ക്ക് പിന്നാലെ, ഗാസയെ പൂര്‍ണ്ണമായി ഒഴിപ്പിച്ച് ദുബായ് മോഡലില്‍ ഒരു ടൂറിസം പറുദീസയാക്കുന്നതിനെക്കുറിച്ചുള്ള മറ്റൊരു എഐ വീഡിയോയുമായി ഇസ്രയേല്‍ മന്ത്രിയും രംഗത്ത്. ഇസ്രായേലിലെ ഇന്റലിജന്‍സ് മന്ത്രിയായ ജിഷ ഗാംലിയേലാണ് ഈ വീഡിയോ പങ്കുവെച്ചത്. ഗാസയെ പൂര്‍ണ്ണമായി ഒഴിപ്പിച്ച് അവിടെ ട്രംപ് ടവര്‍ സ്ഥാപിക്കുന്ന തരത്തിലുള്ള ഒരു എഐ വീഡിയോയാണ് പുറത്ത് വിട്ടത്.
യുദ്ധത്തില്‍ തകര്‍ന്ന ഗാസയെ പുനര്‍നിര്‍മിച്ച് വിനോദസഞ്ചാരികളുടെ പറുദീസയാക്കുമെന്നും താനും നെതന്യാഹുവും ട്രംപും ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ ബീച്ച് വൈബ്സ് ആസ്വദിച്ച് അവിടെ ചില്‍ ചെയ്യുമെന്നും ഭാവന ചെയ്തുകൊണ്ടാണ് എഐ വിഡിയോ. ട്രംപിന്റെ ഗാസ എഐ വിഡിയോ ചര്‍ച്ചയായപ്പോള്‍ അതൊരു രാഷ്ട്രീയ ആക്ഷേപഹാസ്യ വിഡിയോയായിരുന്നുവെന്നാണ് അതിന്റെ ക്രിയേറ്റര്‍ തന്നെ വ്യക്തമാക്കിയിരുന്നത്. പക്ഷേ ഇസ്രയേല്‍ മന്ത്രി വിഡിയോ പങ്കുവച്ചത് കേവലം സര്‍ക്കാസം ആയിട്ടല്ലെന്ന് വിഡിയോ കാണുന്ന ഏതൊരാള്‍ക്കും വ്യക്തമാകും. ഗാസയിലെ ജനതയുടെ സമ്മതത്തോടെ അവരെ പൂര്‍ണമായി മറ്റൊരിടത്ത് പുനരധിവസിപ്പിച്ച് ഗാസ മുനമ്പിന്റെ മുഖച്ഛായ തന്നെ മാറ്റണമെന്ന് കൃത്യമായി ആവശ്യപ്പെട്ടുകൊണ്ടാണ് ഇസ്രയേല്‍ മന്ത്രിയുടെ എഐ വിഡിയോ.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായി നടന്ന ഹമാസ് ആക്രമണത്തിന്റെ ദൃശ്യങ്ങളോടെയാണ് എഐ നിര്‍മിത വിഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തിന്റെ ചില ദൃശ്യങ്ങളും പിന്നാലെ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടേയും വീടുകളുടേയും എഐ നിര്‍മിത ദൃശ്യങ്ങളും വിഡിയോയില്‍ കാണിക്കുന്നു. എന്നാല്‍ ട്രംപിന്റെ ഗാസ പദ്ധതിയ്ക്ക് അംഗീകാരം ലഭിക്കുന്നതോടെ കഥ മാറുന്നു. ഗാസയിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ അംബര ചുംബികളായ കെട്ടിടങ്ങള്‍ക്ക് വഴിമാറുന്നു. ദുബായ് മാതൃകയില്‍ കെട്ടിട സമുച്ചയങ്ങള്‍ ഉയരുന്നു. തെരുവോരങ്ങള്‍ വിദേശ വിനോദസഞ്ചാരികളെക്കൊണ്ട് നിറയുന്നു.
ഒരു ബീച്ച് വെക്കേഷന്‍ ആസ്വദിക്കാന്‍ യുവാക്കള്‍ ആവേശത്തോടെ പുത്തന്‍ ഗാസയിലേക്കെത്തുന്നു. വിദേശികള്‍ക്കായി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉയരുന്നു. ബാറുകള്‍ തുറക്കുന്നു. ട്രംപും മെലാനിയ ട്രംപും കടല്‍ക്കാറ്റേറ്റ് വാക്ക് വേയിലൂടെ കൈകോര്‍ത്ത് നടക്കുന്നു. ജില ഗാംലിയേല്‍ തന്നെയും നെതന്യാഹുവുമെല്ലാം കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് പുതുഗാസയിലൂടെ നടക്കുന്നു. പുരോഗതിയുടെ അടയാളമായി ഗാസന്‍ തീരത്ത് ട്രംപ് ടവര്‍ ഉയരുന്നു. 2023 ഒക്ടോബര്‍ 13-ന് മന്ത്രി ഗാംലിയേല്‍ ഗസ്സ പുനര്‍നിര്‍മിക്കാനും ഗാസയിലെ ജനതയെ ഒഴിപ്പിക്കാനുമുള്ള പദ്ധതി രേഖ ഇസ്രായേല്‍ സുരക്ഷാ കാബിനറ്റിന് സമര്‍പ്പിച്ചതായാണ് വിഡിയോയിലെ അവകാശവാദം. പദ്ധതിയുടെ പിഡിഎഫ് പതിപ്പ് ഇവര്‍ എക്സിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഗാസയുടെ ഒഴിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ ഇതാകും ഗാസ മുനമ്പിന്റെ ഭാവിയെന്നും വിഡിയോ പങ്കുവച്ചുകൊണ്ട് മന്ത്രി എക്സില്‍ കുറിച്ചു.

യുദ്ധാനന്തര ഗാസയുടെ ഭാവിക്കായി ഗാംലിയേല്‍ മൂന്ന് ഓപ്ഷനുകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഗാസയിലെ ജനതയെ അവിടെത്തന്നെ നിലനിര്‍ത്തിക്കൊണ്ട് പലസ്തീന്‍ അതോറിറ്റി ഭരണം പുനഃസ്ഥാപിക്കുക, രണ്ട് ഇസ്രയേലിന്റെ സൈനിക നിയന്ത്രണത്തോടെ ഒരു ഇസ്ലാമിതര അറബ് നേതൃത്വം ഗസ്സയില്‍ സ്ഥാപിക്കുക, മൂന്ന് ഗാസയിലെ ജനത പുനരധിവാസ പ്രക്രിയകളോട് സഹകരിക്കുക. ഇതില്‍ മൂന്നാമത്തെ ഓപ്ഷന്‍ സ്വീകരിക്കപ്പെടുന്നതോടെ ഗാസ അക്ഷരാര്‍ഥത്തില്‍ ഒരു പറുദീസയായി മാറുമെന്നാണ് എഐ വിഡിയോയിലൂടെ അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
പുതിയ ഗാസ മുനമ്പില്‍ ഇസ്രയേലിന്റെ പതാകയ്ക്കൊപ്പം ഇസ്ലാമിക് വിപ്ലവത്തിന് മുന്‍പുള്ള ഇറാന്‍ പതാകകൂടി പാറുന്നതായി കാണിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. ഇതിനെ ബാക് ടു ഫ്യൂച്ചര്‍( ഭാവിയിലേക്ക് മടങ്ങുക) എന്നാണ് ഗാംലിയേല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.