മോസ്‌കോ: യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ക്ക് മറുപടിയായി, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പട്ടിക പുതുക്കി റഷ്യ. യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ തുടര്‍ച്ചയായി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തിലാണിത്.
റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പുതിയ പട്ടികയില്‍, റഷ്യയില്‍ വിലക്കുള്ള യൂറോപ്യന്‍ സ്ഥാപനങ്ങളിലെയും ഇ.യു. അംഗരാജ്യങ്ങളിലെയും റഷ്യന്‍ വിരുദ്ധ നിലപാടുകള്‍ പിന്തുടരുന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇ.യു. അംഗരാജ്യങ്ങളിലെയും മറ്റ് ചില പാശ്ചാത്യ രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് റഷ്യയില്‍ പ്രവേശിക്കുന്നതിന് ഈ വിലക്ക് ബാധകമാകും.

റഷ്യയില്‍ നിന്നു ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ നല്‍കാവുന്ന പരമാവധി വില ബാരലിനു 47.6 ഡോളറാക്കി കുറച്ചാണ് ഇയു നീക്കം ശക്തമാക്കിയത്. 2022 ലെ ജി7 ഉപരോധപ്രകാരം ബാരലിന് 60 ഡോളറായിരുന്നു പരമാവധി വില.