വാഷിങ്ടണ്‍: യുനെസ്‌കോയില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എന്നിന്റെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോയിലെ പങ്കാളിത്തം രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യത്തിന് നിരക്കുന്നതല്ലെന്നും ഏജന്‍സി ഇസ്രായില്‍ വിരുദ്ധ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നുവെന്നും അതിനാലാണ് പിന്മാറ്റമെന്നും ട്രംപ് വിശദീകരിച്ചു.
വിഭജനാത്മകമായ സാമൂഹിക, സാംസ്‌കാരിക കാരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക എന്ന യുനെസ്‌കോയുടെ അജണ്ടയുമായി ബന്ധപ്പെട്ടാണ് ഏജന്‍സിയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതെന്ന് യു.എസ് വിദേശ മന്ത്രാലയ വക്താവ് ടാമി ബ്രൂസ് പറഞ്ഞു. പലസ്തീന്‍ രാഷ്ട്രത്തെ അംഗരാജ്യമായി അംഗീകരിക്കാനുള്ള യുനെസ്‌കോയുടെ തീരുമാനം വളരെ പ്രശ്‌നകരവും യു.എസ് നയത്തിന് വിരുദ്ധവും സംഘടനക്കുള്ളില്‍ ഇസ്രയില്‍ വിരുദ്ധ വ്യാപനത്തിന് കാരണവുമാണെന്ന് അവര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഈ തീരുമാനം 2026 ഡിസംബര്‍ അവസാനം പ്രാബല്യത്തില്‍ വരും.

അമേരിക്കയുടെ തീരുമാനത്തില്‍ അഗാധമായി ഖേദിക്കുന്നുവെന്നും എന്നാല്‍ അത് പ്രതീക്ഷിച്ചതാണെന്നും ഏജന്‍സി അതിന് തയാറെടുത്തിട്ടുണ്ടെന്നും യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ പറഞ്ഞു. ഇസ്രായില്‍ വിരുദ്ധ പക്ഷപാതപരമായ ആരോപണങ്ങളും അവര്‍ നിഷേധിച്ചു. ഈ അവകാശവാദങ്ങള്‍ യുനെസ്‌കോ നടത്തുന്ന ശ്രമങ്ങളുടെ, പ്രത്യേകിച്ച് ഹോളോകോസ്റ്റ് വിദ്യാഭ്യാസ മേഖലയിലും സെമിറ്റിസത്തിനെതിരായ പോരാട്ടത്തിലും നടത്തുന്ന ശ്രമങ്ങളുടെ യാഥാര്‍ഥ്യത്തിന് വിരുദ്ധമാണ് – ഓഡ്രി അസോലെ പറഞ്ഞു.
പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനെസ്‌കോയില്‍ നിന്ന് ഇത് മൂന്നാം തവണയും ട്രംപ് ഭരണ കാലത്ത് രണ്ടാം തവണയുമാണ് അമേരിക്ക പുറത്തുപോകുന്നത്. ബൈഡന്‍ ഭരണകാലത്ത് 2023 ലാണ് അമേരിക്ക അവസാനമായി ഏജന്‍സിയില്‍ ചേര്‍ന്നത്.