ഓട്ടവ : കാനഡ-യുഎസ് വ്യാപാര സംഘർഷം കനേഡിയൻ റീട്ടെയിൽ മേഖലയെ സാരമായി ബാധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തിൽ കാനഡയിലെ റീട്ടെയിൽ വിൽപ്പന 1.1% ഇടിഞ്ഞ് 6,920 കോടി ഡോളറിലെത്തിയതായി ഏജൻസി അറിയിച്ചു. മോട്ടോർ വാഹന വിൽപ്പനയിലെ 3.6% ഇടിവാണ് റീട്ടെയിൽ വിൽപ്പനയിലെ ഈ കുറവിനുള്ള പ്രധാന ഘടകം.

മോട്ടോർ വാഹനങ്ങളുടെയും പാർട്‌സ് ഡീലർമാരുടെയും റീട്ടെയിൽ വിൽപ്പനയിൽ 3.6% ഇടിവ് രേഖപ്പെടുത്തി. പുതിയ കാർ വിൽപ്പനയിൽ ഈ ഇടിവ് കൂടുതൽ പ്രകടമായിരുന്നു. പുതിയ കാർ വിൽപ്പന 4.6% കുറഞ്ഞു. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് കാനഡയിലെ പുതിയ കാർ വിൽപ്പന കുറയുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ മൂന്നാം മാസവും ഇന്ധന വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി. മെയ് മാസത്തിൽ 1.4% ഇടിവ്. എന്നാൽ, കാർ ആക്‌സസറികളുടെയും ടയർ റീട്ടെയിലർമാരുടെയും വിൽപ്പനയിൽ 1.7% വർധന രേഖപ്പെടുത്തി. മെയ് മാസത്തിൽ ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയ ഏക വാഹന വ്യവസായ വിഭാഗമാണിത്.

ഭക്ഷ്യ-പാനീയ വിൽപ്പനയ്ക്ക് പുറമെ, മെയ് മാസത്തിൽ കാനഡയിലെ കോർ റീട്ടെയിൽ വിൽപ്പനയിൽ മാറ്റമൊന്നുമില്ലാതെ തുടരുന്നതായി ഏജൻസി അറിയിച്ചു. തുടർച്ചയായ മൂന്നാം മാസവും കാനഡയിലെ പാനീയ വിൽപ്പന 1.2% കുറഞ്ഞു. അതേസമയം ആരോഗ്യ, വ്യക്തിഗത പരിചരണ റീട്ടെയിലർമാരുടെ വിൽപ്പനയിൽ മെയ് മാസത്തിൽ 0.7 ശതമാനം വർധനയുണ്ടായി. തുടർച്ചയായ 11-ാം മാസത്തെ നേട്ടമാണിത്. മെയ് മാസത്തിൽ, ഏപ്രിലിലുണ്ടായതുപോലെ ഓൺലൈനിൽ ഷോപ്പിങ് നടക്കാത്ത കാരണം ഇ-കൊമേഴ്‌സ് വിൽപ്പന 1.7% കുറഞ്ഞ് 430 കോടി ഡോളറായി.