ബ്രാംപ്ടൺ : മിസ്സിസാഗയിൽ ഇന്ത്യൻ വംശജനായ വ്യവസായി ഹർജീത് ധദ്ദയെ കൊലപ്പെടുത്തിയ കേസിൽ മൂന്നാമതൊരാൾ കൂടി അറസ്റ്റിലായി. മെയ് 14-ന് ഉച്ചയ്ക്ക് ഡിക്സി-ഡെറി റോഡുകൾക്ക് സമീപമുള്ള ട്രാൻമെയർ ഡ്രൈവിലെ ടെൽഫോർഡ് വേയിലാണ് ഹർജീത് (51) വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസിൽ മൂന്നാം പ്രതി ബ്രിട്ടിഷ് കൊളംബിയ സറേ സ്വദേശി ഇന്ത്യൻ വംശജനായ ഷഹീൽ (22) അറസ്റ്റിലായതായി പീൽ പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ കൊലപാതക്കുറ്റം ചുമത്തിയിട്ടുണ്ട്. കേസിൽ ബ്രിട്ടിഷ് കൊളംബിയ ഡെൽറ്റയിൽ നിന്നുള്ള അമൻ അമൻ, 21 വയസ്സുള്ള ദിഗ്‌വിജയ് ദിഗ്‌വിജയ് എന്നിവർ അറസ്റ്റിലായിരുന്നു.

ഗതാഗത സുരക്ഷ, ഇൻഷുറൻസ് കമ്പനിയായ ജി & ജി ട്രക്കിംഗ് സൊല്യൂഷൻസ് നടത്തിയിരുന്ന ഹർജീതിനെ വെടിവെച്ച ശേഷം മോഷ്ടിച്ച 2018 ബ്ലാക്ക് ഡോഡ്ജ് ചലഞ്ചറിൽ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഈ വാഹനം പിന്നീട് കണ്ടെത്തി. വെടിയേറ്റ് ഗുരുതരാവസ്ഥയിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹർജീത് സിങ് ധദ്ദ പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു.