ഓട്ടവ : കാനഡയിലേക്ക് കുടിയേറിയ വിദേശികള്‍ക്ക് അവരുടെ മാതാപിതാക്കളെയും മുത്തശ്ശി-മുത്തശ്ശന്മാരെയും ഒപ്പം നിര്‍ത്താന്‍ അവസരമൊരുങ്ങുന്നു. ഇന്ന് (ജൂലൈ 28) മുതൽ, ഫെഡറല്‍ ഗവണ്മെൻ്റ് പേരന്റസ് ആൻഡ് ഗ്രാൻഡ് പേരന്റസ് പ്രോഗ്രാം (പിജിപി) വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ അയയ്ക്കും. ഈ വര്‍ഷം 10,000 പൂര്‍ണ്ണ അപേക്ഷകള്‍ അംഗീകരിക്കാനാണ് കാനഡ ലക്ഷ്യം വെക്കുന്നത്. കാനഡയുടെ പിജിപി പ്രോഗ്രാം വഴി യോഗ്യരായ കനേഡിയന്‍ പൗരന്മാര്ക്കും, സ്ഥിരതാമസത്തിന് അവസരം ലഭിച്ചവര്‍ക്കും, അവരുടെ മാതാപിതാക്കളെയോ മുത്തശ്ശി-മുത്തശ്ശന്മാരെയും സ്ഥിരതാമസത്തിനു സ്പോണ്സര് ചെയ്യാന്‍ സാധിക്കും.

ആർക്കൊക്കെ പിജിപി പ്രോഗ്രാമിന് അപേക്ഷിക്കാന്‍ സാധിക്കും?
2020-ല്‍ ‘ഇന്ററെസ്റ്റ് ടു സ്പോണ്സര്’ എന്ന ഫോം സമര്‍പ്പിച്ച വിദേശികള്‍ക്കായിരിക്കും അപേക്ഷിക്കാന്‍ സാധിക്കുക. ഈ പ്രോഗ്രാമിലേക്ക് പുതിയ അപേക്ഷകരെ നിലവില്‍ സ്വീകരിക്കില്ല. 2020-ല്‍ അപേക്ഷിച്ച ഭൂരിഭാഗം ആളുകള്‍ക്കും ഇതുവരെ ഇൻവിറ്റേഷൻ ലഭിച്ചിട്ടില്ല. പുതിയതായി നടക്കാന്‍ പോകുന്ന ഇൻടേക്കിൽ അവര്‍ക്ക് ഇൻവിറ്റേഷൻ ലഭിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ അപേക്ഷകര്‍ അവരുടെ ഇ മെയിലും സ്പാം ഫോള്‍ഡറുകളും കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. സ്പോണ്‍സർമാരുടെ അപേക്ഷ തിരഞ്ഞെടുക്കപ്പെട്ടതായി മെയില്‍ വന്നാല്‍, അപേക്ഷകര്‍ക്ക് പെര്‍മനൻ്റ് റെസിഡന്‍സ് പോര്‍ട്ടല്‍ അല്ലെങ്കില്‍ റെപ്രസെന്ററ്റീവ് പെര്‍മനൻ്റ് റെസിഡന്‍സ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. അപേക്ഷക്ക് ആവശ്യമായ രേഖകള്‍ സമർപ്പിക്കേണ്ടത് ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴിയായിരിക്കും.

പിജിപി പ്രോഗ്രാം വഴി ഇൻവിറ്റേഷൻ ലഭിക്കാത്ത അപേക്ഷകര്‍ക്ക്, സൂപ്പര്‍ വീസ പ്രോഗ്രാം ബദല്‍ സംവിധാനമായി ഉപയോഗിക്കാം. സൂപ്പര്‍ വീസ വഴി മാതാപിതാക്കള്‍ക്കോ മുത്തശ്ശി-മുത്തശ്ശമാര്‍ക്കോ ദീര്‍ഘകാലത്തേക്ക് കാനഡ സന്ദര്‍ശിക്കാനും താമസിക്കാനും അവസരം ലഭിക്കും. ഈ വീസക്ക് 10 വര്‍ഷം കാലാവധി ഉണ്ട്. കൂടാതെ വീസ ഉടമകള്‍ക്ക് അഞ്ച് വര്‍ഷം വരെ കാനഡയില്‍ താമസിക്കാനും കാനഡ വിട്ടു പോകാതെ തന്നെ വീസ നീട്ടി കിട്ടാനും അപേക്ഷിക്കാം.
