എഡ്മിന്റൻ : ആൽബർട്ടയിലെ പ്രവിശ്യാ സർക്കാർ ജീവനക്കാരും യൂണിയനും തമ്മിലുള്ള വേതന ചർച്ചകൾ പുനരാരംഭിച്ചു. 18 മാസത്തോളം നീണ്ട തർക്കങ്ങൾക്കൊടുവിൽ, 23,000 ജീവനക്കാർക്ക് പുതിയ കരാർ ഉണ്ടാക്കാനുള്ള അവസാന ശ്രമമാണിതെന്ന് ആൽബർട്ട യൂണിയൻ ഓഫ് പ്രൊവിൻഷ്യൽ എംപ്ലോയീസ് (AUPE) പ്രസിഡന്റ് ഗൈ സ്മിത്ത് പറഞ്ഞു. ധനകാര്യ മന്ത്രി നെയ്റ്റ് ഹോർണറുടെ ഇടപെടലാണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്.

വേതനവും ജോലി സാഹചര്യങ്ങളുമാണ് പ്രധാന തർക്ക വിഷയങ്ങൾ. മെയ് മാസത്തിൽ ജീവനക്കാർ 90% പേരും സമരത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ചർച്ചകൾ വിജയിച്ചാൽ സെപ്റ്റംബർ ആദ്യവാരം യൂണിയൻ അംഗങ്ങൾ കരാറിന്മേൽ വോട്ട് ചെയ്യും. മുന്നണി പോരാളികളായ തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്ന നീതിയുക്തമായ കരാറാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൈ സ്മിത്ത് പറഞ്ഞു.