വൻകൂവർ : ഈസ്റ്റേൺ കാനഡയിലെ ഫെറി നിരക്കുകൾ ഫെഡറൽ സർക്കാർ കുറച്ചതിന് പിന്നാലെ, ബ്രിട്ടിഷ് കൊളംബിയയിലെ ഫെറി യാത്രക്കാർക്കും സമാനമായ ഇളവുകൾ വേണമെന്ന് ആവശ്യപ്പെട്ട് പ്രീമിയർ ഡേവിഡ് എബി. ഓഗസ്റ്റ് ഒന്നു മുതൽ ഈസ്റ്റേൺ കാനഡയിൽ ഫെറി നിരക്കുകൾ പകുതിയായി കുറയ്ക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി തീരുമാനിച്ചിരുന്നു.

ഇത് പ്രവിശ്യയോടുള്ള അനീതിയാണെന്ന് ഡേവിഡ് എബി പറഞ്ഞു. മറ്റ് പ്രവിശ്യകൾക്ക് കോടിക്കണക്കിന് ഡോളർ നൽകാൻ ബ്രിട്ടിഷ് കൊളംബിയ തയ്യാറാവുമ്പോഴും, ഈസ്റ്റേൺ തീരത്തെ ഫെറി യാത്രക്കാർക്ക് 300 മടങ്ങ് അധിക സബ്സിഡി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 20 വർഷമായി ബ്രിട്ടിഷ് കൊളംബിയയ്ക്ക് ലഭിക്കുന്ന ഫെഡറൽ സബ്സിഡിയിൽ മാറ്റമില്ലെന്നും, ജനസംഖ്യയുടെ അടിസ്ഥാനത്തിൽ എല്ലാ പ്രവിശ്യകൾക്കും തുല്യമായ ഫണ്ടിങ് ലഭിക്കണമെന്നും എബി ആവശ്യപ്പെട്ടു. ഈ വിഷയം ചർച്ച ചെയ്യാൻ പ്രവിശ്യയിലെ ലിബറൽ എംപിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.