പ്യോങ്യാങ് : മാറുന്ന ലോക യാഥാർത്ഥ്യം ഉൾക്കൊണ്ട് ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അമേരിക്ക അംഗീകരിക്കണമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ഭാവിയിലെ ചർച്ചകളിലൂടെ ആണവായുധ പദ്ധതി ഉപേക്ഷിക്കാൻ ഉത്തരകൊറിയ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി. കിം ജോങ് ഉന്നിന് വേണ്ടി പലപ്പോഴും മാധ്യമങ്ങളോട് സംസാരിക്കുന്ന രാജ്യത്തെ ശക്തരായ നേതാക്കളിൽ ഒരാളാണ് കിം യോ ജോങ്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള വ്യക്തിബന്ധം ‘മോശമല്ല’ എന്ന് സമ്മതിച്ച അവർ, ഈ ബന്ധം ഉപയോഗിച്ച് ഉത്തരകൊറിയയുടെ ആണവായുധ പദ്ധതി അവസാനിപ്പിക്കാൻ യുഎസ് ശ്രമിച്ചാൽ അത് പരിഹാസത്തിന് ഇടയാക്കുമെന്നും കൂട്ടിച്ചേർത്തു. തങ്ങളുടെ ആണവായുധ ശേഷിയെ അംഗീകരിക്കാതെ യുഎസുമായി ചർച്ചയ്ക്കില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് കിം യോ ജോങ് നൽകിയിരിക്കുന്നത്. അതേസമയം, ആണവ രഹിത ഉത്തരകൊറിയയെ സൃഷ്ടിക്കുന്നതിൽ ട്രംപ് ഇപ്പോഴും പ്രതിജ്ഞാബദ്ധനാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.