ഓട്ടവ : കാനഡയിലെ തങ്ങളുടെ പ്രിയപ്പെട്ടവരെ ദീർഘകാലത്തേക്ക് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കനേഡിയൻ പൗരന്മാരുടെയോ സ്ഥിര താമസക്കാരുടെയോ മാതാപിതാക്കൾക്കും മുത്തശ്ശിമാർക്കും അനുഗ്രഹമാണ് സൂപ്പർ വീസ. യോഗ്യതാ മാനദണ്ഡങ്ങൾ മനസ്സിലാക്കുന്നതിലൂടെയും, സമഗ്രമായ ഒരു അപേക്ഷ തയ്യാറാക്കുന്നതിലൂടെയും, അനുസൃതമായ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്നതിലൂടെയും, അപേക്ഷകർക്ക് വിജയകരമായ സൂപ്പർ വീസ ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കാൻ കഴിയും.

അതേസമയം സൂപ്പർ വീസയിലൂടെ കാനഡയിലേക്ക് കൊണ്ടുവരുന്നവരെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും അപേക്ഷകന്‍റെ കൈവശം ആവശ്യത്തിന് പണം ഉണ്ടായിരിക്കണമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പറയുന്നു. മാതാപിതാക്കളെയോ മുത്തശ്ശി മുത്തച്ഛന്മാരെയോ സൂപ്പർ വീസ വഴി കാനഡയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ മിനിമം വാര്‍ഷിക വരുമാനം ജൂലൈ 29 മുതൽ 3.9% വർധിപ്പിച്ചതായി ഐആർസിസി അറിയിച്ചു. ഇതോടെ ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം 2024-ലെ 29,380 ഡോളറിൽ നിന്നും 30,526 ഡോളറായി വർധിച്ചു. രണ്ടു കുടുംബാംഗങ്ങൾക്ക് 36,576 ഡോളറിൽ നിന്നും 38,002 ഡോളറായും മിനിമം വാര്‍ഷിക വരുമാനം വർധിച്ചിട്ടുണ്ട്.

കനേഡിയൻ പൗരന്മാരുടെയോ സ്ഥിര താമസക്കാരുടെയോ മാതാപിതാക്കൾക്കും മുത്തശ്ശിമാർക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള മൾട്ടിപ്പിൾ എൻട്രി വീസയാണ് കനേഡിയൻ സൂപ്പർ വീസ. സൂപ്പർ വീസ ലഭിക്കാൻ യോഗ്യതാ ചില മാനദണ്ഡങ്ങൾ പാലിക്കണം. സൂപ്പർ വീസയ്ക്ക് അപേക്ഷിക്കുന്നവർ കനേഡിയൻ പൗരനോ കാനഡയിലെ സ്ഥിര താമസക്കാരനോ ആയ വ്യക്തിയുടെ പേരന്‍റസോ ഗ്രാൻഡ് പേരന്‍റസോ ആയിരിക്കണം. കൂടാതെ സൂപ്പർ വീസ ലഭിക്കുന്നതിന് കാനഡയിൽ നിന്നുള്ള നിങ്ങളുടെ കുട്ടിയുടെയോ പേരക്കുട്ടിയുടെയോ ഇൻവിറ്റേഷൻ ലെറ്റർ ആവശ്യമാണ്. ഈ കത്തിൽ കാനഡയിലെ നിങ്ങളുടെ താമസ കാലയാളവിൽ സാമ്പത്തിക പിന്തുണ ഉറപ്പ് നൽകണം. വീട്ടിലെ കുടുംബാംഗങ്ങളുടെ എണ്ണവും അവരുടെ പേരുകളും കത്തിൽ ഉണ്ടായിരിക്കണം. ഇൻവിറ്റേഷൻ നൽകുന്ന വ്യക്തിയുടെ കനേഡിയൻ പൗരത്വത്തിന്‍റെയോ സ്ഥിര താമസത്തിന്‍റെയോ തെളിവിന്‍റെ ഫോട്ടോകോപ്പിയും അപേക്ഷയുടെ കൂടെ സമർപ്പിക്കണം.
