മൺട്രിയോൾ : യുഎസ് താരിഫ് വർധന പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് കെബെക്ക് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട്. വർധിപ്പിച്ച താരിഫ് പ്രവിശ്യയിലെ തൊഴിലാളികളെയും വ്യാപാരസ്ഥാപനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായി വർധിപ്പിച്ച യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താരിഫ് ഭീഷണിയിൽ നിന്നും പ്രവിശ്യയിലെ തൊഴിലാളികളെയും വ്യാപാരസ്ഥാപനങ്ങളെയും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വർധിപ്പിച്ച താരിഫ് കാനഡയെ ബാധിക്കുന്നത് പോലെ തന്നെ കനേഡിയൻ ഉൽപ്പന്നങ്ങളും വിഭവങ്ങളും ആവശ്യമുള്ള അമേരിക്കൻ പൗരന്മാരെയും ദോഷകരമായി ബാധിക്കുമെന്നും ഫ്രാൻസ്വ ലെഗോൾട്ട് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. താരിഫ് ഭീഷണിയെ നേരിടാൻ ഫെഡറൽ ഗവൺമെന്റുമായും മറ്റ് പ്രവിശ്യകളുമായും താൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രവിശ്യാ നിവാസികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.