വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ഇന്റീരിയറിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റും വലിയ ആലിപ്പഴവും കനത്ത മഴയും സൃഷ്ടിച്ചേക്കാവുന്ന ശക്തമായ ഇടിമിന്നൽ ഉണ്ടാകുന്നതിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒകനാഗൻ, പീസ് റിവർ മേഖല, പ്രിൻസ് ജോർജ്, ഫോർട്ട് നെൽസൺ
എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.

ജൂലൈ 30 നും 31 നും ഇടയിൽ പ്രവിശ്യയിലുടനീളം ശക്തമായ ഇടിമിന്നൽ കാരണം നിരവധി പുതിയ കാട്ടുതീ ആരംഭിച്ചതായി എൻവയൺമെൻ്റ് കാനഡ റിപ്പോർട്ട് ചെയ്തു. അതേസമയം ബ്രിട്ടിഷ് കൊളംബിയയിൽ നിലവിലുണ്ടായിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. എന്നാൽ, കാട്ടുതീ പുക കാരണം നിരവധി പ്രദേശങ്ങളിൽ പ്രത്യേക വായു ഗുണനിലവാര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ പ്രവിശ്യയിലുടനീളം 146 കാട്ടുതീകൾ സജീവമായി കത്തിപ്പടരുന്നുണ്ടെന്ന് ബിസി വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു.