ഓട്ടവ : പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പുതിയ തീരുവകൾ ഏർപ്പെടുത്തിയതോടെ, അമേരിക്കയുമായുള്ള വ്യാപാര ബന്ധം കൂടുതൽ വഷളായതായി മുൻ കാനഡ വിദേശകാര്യ മന്ത്രി പീറ്റർ മക്കേ. വ്യാപാര യുദ്ധം വ്യക്തിപരമായി മാറാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. താരിഫ് ചർച്ചകളിൽ ട്രംപിന്‍റെ നേരിട്ടുള്ള പങ്കാളിത്തം കണക്കിലെടുക്കുമ്പോൾ, ഉന്നതതല ചർച്ചകൾ അനിവാര്യമാണെന്ന് പീറ്റർ മക്കേ പറയുന്നു. കനേഡിയൻ വിപണികൾക്ക് മോശം വാർത്തയാണിത്. അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള പല മേഖലകൾക്കും ഇത് മോശം വാർത്തയാണ്, അദ്ദേഹം വ്യക്തമാക്കി. അതേസമയം വ്യാപാര തർക്കം രൂക്ഷമാകാതിരിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ട്രംപും അടുത്ത ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തുമെന്ന് കാനഡയുടെ വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാ അറിയിച്ചിട്ടുണ്ട്.

സ്റ്റീൽ, അലുമിനിയം, ചെമ്പ്, ഓട്ടോ തുടങ്ങിയ നിർണായക കയറ്റുമതിയിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും മക്കേ മുന്നറിയിപ്പ് നൽകി. കാനഡ-യുഎസ്-മെക്സിക്കോ കരാറിന് അനുസൃതമല്ലാത്ത ഉൽപ്പന്നങ്ങളെ ലക്ഷ്യമിട്ട് ട്രംപ് വെള്ളിയാഴ്ച കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% തീരുവ ചുമത്തി. കൂടാതെ സെമി-ഫിനിഷ്ഡ് ചെമ്പ് ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തുകയും കനേഡിയൻ സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈലുകൾ എന്നിവയിൽ നിലവിലുള്ള തീരുവ നിലനിർത്തുകയും ചെയ്തിട്ടുണ്ട്.