സാൻഫ്രാൻസിസ്കോ : ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പൺ AI-യുടെ കഥ സിനിമയാകുന്നു. ‘ആർട്ടിഫിഷ്യൽ’ എന്ന് പേരിട്ട ചിത്രത്തിൽ ഓപ്പൺ AI സിഇഒ സാം ഓൾട്ട്മാനായി ‘സ്പൈഡർമാൻ’ താരം ആൻഡ്രൂ ഗാർഫീൽഡ് വേഷമിടും. ‘കോൾ മീ ബൈ യുവർ നെയിം’ സംവിധായകൻ ലുക ഗ്വാഡഗ്നിനോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ലാഭേതര സ്ഥാപനത്തിൽ നിന്ന് ലോകത്തെ മുൻനിര ടെക് ഭീമനായി ഓപ്പൺ AI വളർന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. സ്ഥാപകനായ ഇലോൺ മസ്കുമായുള്ള തർക്കങ്ങളും അധികാര വടംവലികളും ചിത്രത്തിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടോപ്പ് ഗൺ: മാവെറിക് താരം മോണിക്ക ബാർബറോ ഓപ്പൺ AI-യുടെ മുൻ സിടിഒ മിറ മുറാട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കും. നിലവിൽ സാൻഫ്രാൻസിസ്കോയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമ 2026-ൽ പുറത്തിറങ്ങും.