കാല്‍ഗറി : നഗരത്തിലുടനീളമുള്ള വീടുകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒമ്പത് കൗമാരക്കാർ ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തതായി കാല്‍ഗറി പൊലീസ് അറിയിച്ചു. ജൂണിലാണ് ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ പ്രതികൾ വീടുകളിൽ അതിക്രമിച്ച് കയറുകയും മോഷണം നടത്തുകയുമാണ് പതിവെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തു. ഇത്തരത്തിലുള്ള മോഷണ കേസുകൾ വർധിച്ചതോടെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായും കാല്‍ഗറി പൊലീസ് സര്‍വീസ് (സിപിഎസ്) പറയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി തെക്കുകിഴക്കന്‍ കാല്‍ഗറിയിലെ വീടുകളില്‍ തിരച്ചിൽ നടത്തുകയും എട്ട് മുതിര്‍ന്നവർ അടക്കം 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർക്കെതിരെ അമ്പതോളം മോഷണക്കേസുകളുമായി ബന്ധപ്പെട്ട് നൂറിലധികം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കാല്‍ഗറി സ്വദേശികളായ അനെയ് മൗ (22), അബ്ദൽഹാമിദ് ദാവൂദ് (19), ജോണി വൈറ്റൽ (29), ഡെവിൻ ഡങ്കൻ (43), ഒളിമ്പിയ മെഡിസിൻ-ട്രാവലർ (30), റൂട്ട് ലോണി (22), ഗേഹന്‍ അലി (18), ഡെറാര ഖാദിർ (19) എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ യൂത്ത് ക്രിമിനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പേര് വെളിപ്പെടുത്താന്‍ കഴിയാത്ത നിരവധി യുവാക്കളും അറസ്റ്റിലായി. അവരില്‍ 15 വയസ്സുള്ള നാല് ആൺകുട്ടികളും 16 വയസ്സുള്ള മൂന്ന് ആൺകുട്ടികളും 17 വയസ്സുള്ള രണ്ട് ആൺകുട്ടികളും ഉൾപ്പെടുന്നു. കൗമാരക്കാര്‍ക്കെതിരെ അതിക്രമിച്ച് കടക്കല്‍, മോഷ്ടിച്ച സ്വത്ത് കൈവശം വയ്ക്കല്‍, അറസ്റ്റിനെ ചെറുക്കുക, മോട്ടോര്‍ വാഹനം മോഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
നഗരത്തിലെ മോഷണങ്ങളെക്കുറിച്ചും മറ്റു വിവരങ്ങളും ലഭ്യമായവർ 403-266-1234 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കാല്‍ഗറി പൊലീസ് സര്‍വീസ് (സിപിഎസ്) അഭ്യർത്ഥിച്ചു.