കുവൈറ്റ് സിറ്റി: കുവൈറ്റ് ധനമന്ത്രി നൂറ അല്‍ ഫസാം രാജി വച്ചു. രാജ്യത്തെ സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയുമായിരുന്നു നൂറ അല്‍ ഫസാം. അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് രാജി സ്വീകരിച്ചു. വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ്ജ മന്ത്രിയായ സബീഹ് അല്‍-മുഖൈസീം ആക്ടിംഗ് ധനകാര്യ മന്ത്രിയായി പ്രവര്‍ത്തിക്കുമെന്ന് കുവൈറ്റ് വാര്‍ത്താ ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നൂറ അല്‍ ഫസാം രാജി വയ്ക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിട്ടില്ല.
2024 ഓഗസ്റ്റ് 25-നാണ് നൂറ അല്‍ ഫസാമിനെ ധനമന്ത്രിയായി നിയമിച്ചത്. ഒരു വര്‍ഷം തികയുന്നതിന് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് അവരുടെ രാജി. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഈ രാജി എന്നതും ശ്രദ്ധേയമാണ്. വര്‍ഷങ്ങളായി കുവൈറ്റ് നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് വിഭവങ്ങളുടെ അഭാവമല്ല, മറിച്ച് പൊതു ധനകാര്യ മാനേജ്മെന്റിലെ കാര്യക്ഷമതയില്ലായ്മയാണ് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

നൂറ അല്‍ ഫസാം ധനമന്ത്രിയായിരുന്ന കാലയളവില്‍, ദീര്‍ഘകാലമായി കാത്തിരുന്ന പൊതു കടം സംബന്ധിച്ച നിയമം മാര്‍ച്ചില്‍ ഓര്‍ഡിനന്‍സിലൂടെ പുറത്തിറക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ആഗോള കട വിപണികളിലേക്ക് കുവൈറ്റ് വീണ്ടും പ്രവേശിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍, പരമാധികാര വായ്പകള്‍ക്ക് ഒരു ദീര്‍ഘകാല ചട്ടക്കൂട് ഇത് സ്ഥാപിച്ചു.
നിലവില്‍, വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ്ജ മന്ത്രിയായ സബീഹ് അല്‍-മുഖൈസീമിനാണ് ധനകാര്യ മന്ത്രിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.
നൂറ അല്‍ ഫസാം മുമ്പ് ബൗബിയാന്‍ ബാങ്കിലെ ചീഫ് സ്ട്രാറ്റജി ഓഫീസറായിരുന്നു. കുവൈറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ബിരുദവും അവര്‍ നേടിയിട്ടുണ്ട്. സാമ്പത്തിക, ബാങ്കിംഗ് മേഖലകളില്‍ 25 വര്‍ഷത്തിലധികം പ്രവര്‍ത്തിപരിചയമുള്ള വ്യക്തിയാണ് അവര്‍.