മൺട്രിയോൾ : ഗാസയിലെ ജനങ്ങൾക്ക് കൂടുതൽ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മൺട്രിയോളിൽ പ്രതിഷേധം നടത്തി കെബെക്കിലെ നാല് സഹായ സംഘടനകൾ. ഗാസയിൽ കാനഡ സഹായം നൽകുന്നുവെന്ന മിഥ്യാബോധം ഉണ്ടാക്കുക മാത്രമാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഓക്സ്ഫാം-കെബെക്ക്, ഹ്യൂമാനിറ്റേ & ഇൻക്ലൂഷൻ കാനഡ, മെഡിസിൻസ് ഡു മോണ്ടെ കാനഡ, അസ്സോസിയേഷൻ കെബെക്കോയ്സ് ഡെസ് ഓർഗാനിസ്മെസ് ഡെ കൂപ്പറേഷൻ ഇൻ്റർനാഷണൽ (AQOCI) എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

വിമാനങ്ങൾ വഴി സഹായമെത്തിക്കുന്നത് കാര്യക്ഷമമല്ലെന്നും അത് ജനങ്ങളുടെ ദുരിതം വർധിപ്പിക്കുമെന്നും സംഘടനകൾ ആരോപിച്ചു. അതിനാൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കം ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.