Sunday, August 17, 2025

അന്തർ പ്രവിശ്യാ കുടിയേറ്റം: ബ്രിട്ടിഷ് കൊളംബിയയെ തഴഞ്ഞ് ജനങ്ങൾ

വൻകൂവർ : സമ്പന്നമായ ജീവിതശൈലിക്കും തൊഴിലവസരങ്ങൾക്കും വേണ്ടി ബ്രിട്ടിഷ് കൊളംബിയയിലേക്ക് കുടിയേറിയ ജനങ്ങൾ പലരും പ്രവിശ്യയെ കൈയൊഴിയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റു പ്രവിശ്യകളിലേക്ക് കുടിയേറുന്ന പ്രവിശ്യാ നിവാസികളുടെ എണ്ണം വര്ധിക്കുന്നതായി ബിസിനസ് കൗൺസിൽ ഓഫ് ബ്രിട്ടിഷ് കൊളംബിയയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഓരോ വർഷവും മറ്റ് പ്രവിശ്യകളിലേക്ക് കുടിയേറുന്നവരുടെ എണ്ണം ഏകദേശം 70,000 വർധിച്ചതായി കൗൺസിൽ റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ ഭൂരിപക്ഷവും ആൽബർട്ടയിലേക്കോ ഒൻ്റാരിയോയിലേക്കോ ആണ് കുടിയേറിയത്. കൂടാതെ അന്തർ പ്രവിശ്യാ കുടിയേറ്റക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും 40 വയസ്സിന് താഴെയുള്ളവരാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം, കാനഡയിലെ മറ്റു പ്രവിശ്യകളിൽ നിന്നും ബ്രിട്ടിഷ് കൊളംബിയയിലേക്ക് കുടിയേരുന്നവരുടെ എണ്ണം ഏകദേശം 55,000 ആയി കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉയർന്ന നികുതി, വീടുകളുടെ വില, ജോലി ലഭ്യതക്കുറവ് തുടങ്ങി നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജനങ്ങൾ പ്രവിശ്യ വിട്ടുപോകുന്നതെന്ന് ബിസിനസ് കൗൺസിൽ ഓഫ് ബ്രിട്ടിഷ് കൊളംബിയ വക്താവ് ബ്രാഡൻ മക്മില്ലൻ പറയുന്നു. പ്രവിശ്യ വിട്ടു പോയവരിൽ 36% പേർ വീടുകളുടെ ഉയർന്ന വിലയെ ചൂണ്ടിക്കാട്ടി. ഇരുപത്തിയെട്ട് ശതമാനം പേർ നികുതിയും നിയന്ത്രണങ്ങളുമാണ് ബ്രിട്ടിഷ് കൊളംബിയ വിട്ടുപോകുന്നതിന് കാരണമായതെന്ന് കുറ്റപ്പെടുത്തി. 23% പേർ ജോലികളെയും വേതനത്തെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചപ്പോൾ, 18% പേർ പൊതു സേവനങ്ങളുടെ അഭാവത്തെ ചൂണ്ടിക്കാട്ടി.

പ്രവിശ്യ വിട്ടു പോകുന്നവരുടെ എണ്ണം ഉയരുന്നത് ആശങ്കാജനകമാണെന്ന് ബി.സി. കൺസർവേറ്റീവ് സാമ്പത്തിക വികസന നിരൂപകനായ ഗാവിൻ ഡ്യൂ പറയുന്നു. പ്രവിശ്യയിൽ ഭാവി കാണാൻ കഴിയാത്ത അടുത്ത തലമുറയിലെ ആളുകളെ പ്രവിശ്യ നഷ്ടപ്പെടുത്തുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം പ്രവിശ്യാ നിവാസികളുടെ വ്യക്തിഗത തീരുമാനങ്ങളെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നും എന്നാൽ, ജീവിതച്ചെലവ് പോലുള്ള പ്രശ്നങ്ങൾ മറികടക്കാനുള്ള തീരുമാനങ്ങൾ പ്രവിശ്യ സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് ബ്രിട്ടിഷ് കൊളംബിയ ഡെപ്യൂട്ടി പ്രീമിയർ നിക്കി ശർമ്മ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!