ദുബായ്: വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ച് എമിറേറ്റ്സ് എയർലൈൻസ്. വിമാനത്തിലെ ചാർജിങ് പോർട്ടുകളിൽ പവർ ബാങ്ക് ചാർജ് ചെയ്യാനും അനുമതിയുണ്ടായിരിക്കില്ല. ഒക്ടോബർ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. അതേസമയം, ഹാൻഡ് ബാഗേജിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങളോടെ അനുമതിയുണ്ട്.

ഹാൻഡ് ബാഗേജിൽ പവർബാങ്ക് കൊണ്ടു പോകുന്നതിനുള്ള നിബന്ധനകൾ:
∙ 100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾ വിമാനത്തിൽ കൊണ്ടു പോകാം.
∙ ഹാൻഡ് ബാഗേജിൽ കൊണ്ടു പോകുന്ന പവർ ബാങ്കിന്റെ ശേഷി വ്യക്തമാക്കുന്ന വിവരങ്ങൾ അതിന്റെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടാകണം.
∙ പവർ ബാങ്ക് സീറ്റിന് മുകളിലെ ഓവർഹെഡ് സ്റ്റോറേജിൽ വയ്ക്കാൻ പാടില്ല. സീറ്റിന്റെ പോക്കറ്റിലോ, മുൻ സീറ്റിന്റെ അടിയിലോ വേണം പവർ ബാങ്ക് സൂക്ഷിക്കാൻ.
∙ ചെക്ക് ഇൻ ബാഗേജുകളിൽ പവർ ബാങ്ക് വയ്ക്കരുത്.
∙ വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യരുത്.
∙ പവർ ബാങ്കും ചാർജ് ചെയ്യരുത്.

വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ലിഥിയം ബാറ്ററികൾക്ക് അമിതമായി ചാർജ് ചെയ്യുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ചൂടായി പൊട്ടിത്തെറിക്കാനും തീപിടിക്കാനുമുള്ള സാധ്യതയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എമിറേറ്റ്സ് ഈ നടപടി സ്വീകരിച്ചത്.