ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ന്യൂബ്രൺസ്വിക്, നോവസ്കോഷ എന്നിവയ്ക്കിടയിലുള്ള വ്യോമഗതാഗതം പുനഃസ്ഥാപിക്കാൻ 90 ലക്ഷം ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഫെഡറൽ സർക്കാരും മാരിടൈംസ് പ്രവിശ്യകളും. വെള്ളിയാഴ്ച ഷാർലെറ്റ് ടൗൺ വിമാനത്താവളത്തിൽ നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റണും ന്യൂബ്രൺസ്വിക് റീജനൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ മന്ത്രി ഗൈൽസ് ലെപേജും പിഇഐ പ്രീമിയർ റോബ് ലാൻ്റ്സും ഐലൻഡ് എംപി ഷോൺ കേസിയും ചേർന്നാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. അറ്റ്ലാൻ്റിക് കാനഡ ഓപ്പർച്യുണിറ്റീസ് ഏജൻസിയുടെ 50 ലക്ഷം ഡോളറും, നോവസ്കോഷ 29 ലക്ഷം ഡോളറും, പിഇഐ 840,000 ഡോളറും, ന്യൂബ്രൺസ്വിക് 458,000 ഡോളറും ഉൾപ്പെടുന്നതാണ് പദ്ധതിക്കുള്ള സംയുക്ത ധനസഹായം.

പിഎഎൽ എയർലൈൻസുമായി സഹകരിച്ച് നടപ്പിലാക്കുന്ന മൂന്ന് വർഷത്തെ പൈലറ്റ് പ്രോഗ്രാം, ഹാലിഫാക്സ്, സിഡ്നി, ഷാർലെറ്റ്ടൗൺ, ഫ്രെഡറിക്ടൺ, മോങ്ക്ടൺ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രതിദിന വിമാന സർവീസുകൾ ഉറപ്പാക്കും. ഈ വർഷം അവസാനത്തോടെ സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.