ഇസ്താംബൂൾ : തുർക്കിയിലെ ബാലിക്സീർ പ്രവിശ്യയിൽ ഞായറാഴ്ച ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പതിനാറിലധികം കെട്ടിടങ്ങൾ തകർന്നു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരു വൃദ്ധയാണ് മരണപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ഇസ്താംബൂൾ വരെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. സിൻദിർഗി പട്ടണമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഭൂചലനത്തിന് ശേഷം 4.6 തീവ്രതയുള്ള തുടർചലനങ്ങളും ഉണ്ടായി. ഇതോടെ കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളിൽ പ്രവേശിക്കരുതെന്ന് ദുരന്തനിവാരണ ഏജൻസി മുന്നറിയിപ്പ് നൽകി. പ്രധാന ഭൂചലന മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ തുർക്കിയിൽ ഭൂചലനങ്ങൾ സാധാരണമാണ്. 2023-ൽ ഉണ്ടായ 7.8 തീവ്രതയുള്ള ഭൂകമ്പത്തിൽ അൻപത്തി മൂവായിരത്തിലധികം ആളുകൾ മരിച്ചിരുന്നു.