ഷെർബ്രൂക്ക് : കനേഡിയൻ ഷോർട്ട്-കോഴ്സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് ലോക റെക്കോർഡുകൾ സ്ഥാപിച്ച് കനേഡിയൻ പാര സ്വിമ്മർ ഡാനിയേൽ ഡോറിസ്. കെബെക്കിലെ ഷെർബ്രൂക്കിൽ നടന്ന മത്സരത്തിൽ SM7 100 മീറ്റർ വ്യക്തിഗത മെഡ്‌ലിയിലാണ് ഡോറിസ് ഏറ്റവും പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. ന്യൂ ബ്രൺസ്‌വിക്ക് മോങ്‌ടൺ സ്വദേശി 22 വയസ്സുള്ള ഡോറിസ്, 1 മിനിറ്റ് 22.57 സെക്കൻഡിൽ ഫിനിഷ് ചെയ്ത് 2020-ൽ ന്യൂസിലാൻഡിന്റെ നികിത ഹൊവാർത്ത് സ്ഥാപിച്ച റെക്കോർഡ് മറികടന്നു. ഈ വിജയം അടുത്ത മാസം സിംഗപ്പൂരിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് വലിയ ആത്മവിശ്വാസം നൽകുമെന്ന് ഡോറിസ് പറഞ്ഞു.

വ്യാഴാഴ്ച S7 50 മീറ്റർ ബട്ടർഫ്ലൈയിൽ രണ്ട് തവണ ലോക റെക്കോർഡ് തകർത്ത ഡോറിസ്, വെള്ളിയാഴ്ച S7 50 മീറ്റർ ബാക്ക്സ്ട്രോക്കിലും പുതിയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2016-ൽ 13-ാം വയസ്സിൽ റിയോ ഗെയിംസിൽ പങ്കെടുത്തതോടെ പാരാലിമ്പിക്സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കനേഡിയൻ നീന്തൽ താരമായി ഡോറിസ് ചരിത്രം സൃഷ്ടിച്ചു. ഇതുവരെ മൂന്ന് പാരാലിമ്പിക് മെഡലുകളും ആറ് ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും ഡോറിസ് നേടിയിട്ടുണ്ട്.