ന്യൂഡല്‍ഹി: ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും. കരാറിനായുള്ള രേഖകള്‍ നിലവില്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയിലാണ്. ഇരു രാജ്യങ്ങളുടെയും മന്ത്രിസഭകള്‍ കരാറിന് അംഗീകാരം നല്‍കുന്നതോടെ ഇത് പ്രാബല്യത്തില്‍ വരും.
2023-ലാണ് ഇന്ത്യയും ഒമാനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയാണ് ഒമാന്‍. സമാനമായ ഒരു വ്യാപാര കരാര്‍ ഇന്ത്യക്ക് ജിസിസിയിലെ മറ്റൊരു അംഗമായ യുഎഇയുമായി നിലവില്‍ ഉണ്ട്. ഇത് 2022 മെയ് മാസത്തിലാണ് നിലവില്‍ വന്നത്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1000 കോടി ഡോളറിലധികം ആയിരുന്നു. ഇതില്‍ 406 കോടി ഡോളര്‍ കയറ്റുമതിയും 655 കോടി ഡോളര്‍ ഇറക്കുമതിയുമാണ്. പെട്രോളിയം ഉത്പന്നങ്ങളും യൂറിയയുമാണ് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. മൊത്തം ഇറക്കുമതിയുടെ 70 ശതമാനവും ഇവയാണ്.