ഓട്ടവ:കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓട്ടവ വിമാനത്താവളത്തിൽ നിന്നുള്ള യുഎസ് യാത്രയിൽ വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്. അതിർത്തി നിയന്ത്രണങ്ങളും താരിഫ്- വ്യാപാര പ്രശ്‌നങ്ങൾ കാരണം യുഎസിലേക്ക് പോകുന്ന കാനഡക്കാരുടെ എണ്ണം കുറഞ്ഞിരുന്നു. ഓട്ടവ എയർപോർട്ട് അതോറിറ്റി നൽകിയ ഡാറ്റ പ്രകാരം, ഈ വർഷം ജനുവരി മുതൽ ജൂൺ വരെ യുഎസിൽ നിന്ന് 406,786 ട്രാൻസ്‌ബോർഡർ യാത്രക്കാർ ഓട്ടവയിൽ എത്തിയിട്ടുണ്ട് . കഴിഞ്ഞ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ ആകെ 379,984 യാത്രക്കാർ സഞ്ചരിച്ച സ്ഥാനത്ത് ഏഴ് ശതമാനം വർധനയാണിത്. കൂടാതെ ഈ വർഷം ഇതുവരെ ഓട്ടവ വിമാനത്താവളം വഴി 2,389,041 യാതക്കാർ സഞ്ചരിച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇതിൽ 1,702,152 പേർ ആഭ്യന്തര യാത്രക്കാരും 280,103 രാജ്യാന്തര യാത്രക്കാരുമാണ്.

മറ്റ് കനേഡിയൻ വിമാനത്താവളങ്ങളിൽ അതിർത്തി കടന്നുള്ള യാത്രക്കാരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട് ചെയ്യുമ്പോൾ, രാജ്യ തലസ്ഥാനം ഈ പ്രവണതയെ മറികടക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്ന് ഓട്ടവ എയർപോർട്ട് അതോറിറ്റി വക്താവ് ക്രിസ്റ്റ കീലി പറഞ്ഞു. ഫ്ലോറിഡയിലേക്കും വാഷിങ്ടൺ ഡിസിയിലേക്കും പോകുന്ന യാത്രക്കാരുടെ എണ്ണവും ക്രമാതീതമായി വർധിക്കുകയാണെന്നും അവർ പറയുന്നു.
തലസ്ഥാനത്ത് പോർട്ടർ എയർലൈൻസിന്റെ വർധി ച്ചുവരുന്ന സാന്നിധ്യം യുഎസ് യാത്രാ എണ്ണത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ട്രാവൽ കൺസൾട്ടന്റ് എലിയറ്റ് ഫിങ്കൽമാൻ പറഞ്ഞു.