വാഷിങ്ടൺ : യുഎസ്-ചൈന വ്യാപാര ഉടമ്പടി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ചില ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക തീരുവ 90 ദിവസത്തേക്ക് കൂടി വൈകിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലും സിഎൻബിസിയും ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വിഷയത്തിൽ വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഈ വർഷം ആദ്യം യുഎസും ചൈനയും തമ്മിൽ വ്യാപാരയുദ്ധം നടന്നിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും ഉൽപ്പന്നങ്ങൾക്കുള്ള തീരുവ കുറയ്ക്കാൻ താൽക്കാലികമായി ധാരണയിലെത്തി. ട്രംപിന്റെ പുതിയ ഉത്തരവിന്റെ പൂർണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും, ഈ നീട്ടിക്കൊടുക്കൽ നവംബർ ആദ്യത്തിൽ അവസാനിക്കുമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ നല്ല കാര്യങ്ങൾക്കായി വാഷിങ്ടൺ പ്രവർത്തിക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പ്രതികരിച്ചു.