കലിഫോര്‍ണിയ: ഇന്ത്യയില്‍ വന്‍ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഏകദേശം 58,000 കോടി രൂപയുടെ നിക്ഷേപവുമായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഗൂഗിള്‍ ഒരു ജിഗാവാട്ട് ശേഷിയുള്ള കൂറ്റന്‍ ഡാറ്റാ സെന്റര്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ഗൂഗിളിന്റെ ആദ്യത്തെ വലിയ ഡാറ്റാ സെന്റര്‍ പദ്ധതിയാണിത്.
അമേരിക്കന്‍ കമ്പനികള്‍ നിക്ഷേപം യുഎസിലേക്ക് മാറ്റാന്‍ ട്രംപ് ഭരണകൂടം നിര്‍ബന്ധിക്കുന്നതിനിടയിലാണ് ഈ സുപ്രധാന നീക്കം. ഈ പദ്ധതിയുടെ പ്രാധാന്യം നിക്ഷേപത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ശേഷിയുടെയും മുതല്‍മുടക്കിന്റെയും കാര്യത്തില്‍ ഇത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡാറ്റാ സെന്ററായി മാറും.

പദ്ധതിയുടെ ഭാഗമായി, ഡാറ്റാ സെന്ററിന് ആവശ്യമായ വൈദ്യുതിക്കായി 2 ബില്യന്‍ ഡോളര്‍ പുനരുപയോഗ ഊര്‍ജ മേഖലയില്‍ ഗൂഗിള്‍ നിക്ഷേപം നടത്തും. ഈ നീക്കം ആഗോളതലത്തില്‍ പുനരുപയോഗ ഊര്‍ജം പ്രോത്സാഹിപ്പിക്കുന്ന ഗൂഗിളിന്റെ നയങ്ങള്‍ക്കും ഇന്ത്യയുടെ സാങ്കേതികവിദ്യാ, ഊര്‍ജ മേഖലകള്‍ക്കും വലിയ ഉത്തേജനം നല്‍കും.